ന്യൂഡൽഹി: ടിക്ക് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന “സ്കൾ ബ്രേക്കർ’ ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്ത്. മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുന്പോൾ ഇരുവശങ്ങളിലുമുള്ളവർ കാലുകൾകൊണ്ട് തട്ടിവീഴ്ത്തുന്നതാണ് ചലഞ്ച്.
നടുവിൽ നിൽക്കുന്നയാൾ അതോടെ തലയടിച്ച് താഴോട്ട് വീഴും. “ട്രിപ്പിങ് ജംപ് ’ എന്ന പേരിലും അറിയപ്പെടുന്ന ഈ ചലഞ്ച് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് പ്രചരിക്കുന്നത്. യൂറോപ്പിലും സൗത്ത് ആഫ്രിക്കയിലും തുടങ്ങിയ ചലഞ്ച് കേരളത്തിലും ഏറ്റെടുത്തവരുണ്ട്.
ടിക് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനുവരെ കാരണമാകും. തലയോട്ടിക്കും നട്ടെല്ലിനും ക്ഷതമേൽക്കുന്നതോടെ ചിലപ്പോൾ ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കണ്ണുകൾക്കും ക്ഷതമേൽക്കാം. വെനേസ്വലയിൽ മൂന്ന് ആണ്കുട്ടികൾ സ്കൾ ബ്രേക്കർ ചലഞ്ചിൽ പങ്കെടുക്കുന്നതും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതുമായ വീഡിയോ വൈറലായിരുന്നു.
കുട്ടികളും യുവാക്കളും തമാശയായാണ് കളിയെ കാണുന്നതെങ്കിലും വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണിത്. സിനമോണ് ചലഞ്ച്, ടൈഡ് പോഡ് ചലഞ്ച്, ബ്ലു വെയിൽ, കൈലി ജെന്നർ ലിപ് ചലഞ്ച് തുടങ്ങി ഇത്തരത്തിൽ ഒട്ടേറെ അപകടകരമായ ചലഞ്ചുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സ്കൾ ബ്രേക്കർ’ ചലഞ്ച് വൈറലായിരിക്കുന്നത്.
#skullbreakerchallenge എന്ന ഹാഷ് ടാഗിലാണ് ഇത് വൈറലായിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിലും കളിസ്ഥലങ്ങളിലും മറ്റുമാണ് ഈ ചലഞ്ച് നടക്കുന്നത്.
യൂറോപ്പിലേയും യുഎഇയിലെയും വിവിധ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കൾക്ക് ഗ്രൂപ്പുകൾവഴി വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. വാട്സ് ആപ്പിൽ സ്കൾ ബ്രേക്ക് ചലഞ്ചിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.