കോട്ടയം: ബംഗളുരു, മൈസുരു, കോയന്പത്തൂർ ഉൾപ്പെടെ റൂട്ടുകളിൽ കെഎസ്ആർടിസി നടത്തുന്ന സ്കാനിയ കരാർ സർവീസുകൾ നിലച്ചു. വരുമാനത്തേക്കാൾ അറ്റകുറ്റപ്പണികൾക്ക് ചെലവു വരുന്ന സാഹചര്യത്തിലാണു കോട്ടയം ഉൾപ്പെടെ സർവീസുള്ള ആറു സ്കാനിയ നിരത്തൊഴിയുന്നത്.
പകരം കെഎസ്ആർടിസി ഡീലക്സ് ബസുകൾ ഓടിക്കാനാണ് നിർദേശമെങ്കിലും അതിനുള്ള കരുതൽ ബസുകൾ കെഎസ്ആർടിസിക്കില്ല. ദീപാവലി അവധിക്ക് നാട്ടിലെത്താൻ മലയാളികൾക്ക് സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ കൊള്ളച്ചാർജ് കൊടുക്കേണ്ട സാഹചര്യമാണുള്ളത്.
48 സീറ്റ് സ്കാനിയ ബംഗളുരു സർവീസിന് എഴുപതിനായിരം രൂപവരെ കളക്ഷനുണ്ട്. മുംബൈ ആസ്ഥാനമായുള്ള കന്പനിയാണു കേരള കെഎസ്ആർടിസിക്കായി സ്കാനിയ കരാറിൽ നൽകിയിരിക്കുന്നത്. ഈ ബസുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കെഎസ്ആർടിസിക്കില്ലാത്തതിനാൽ സർവീസ് മുടക്കം പതിവാണ്.