ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിയും വിഷു വിളക്കും ബുധനാഴ്ച നടക്കും. പുലർച്ചെ 2.30 മുതൽ 3.30 വരൈയാണ് വിഷുക്കണി.
കോവിഡ് നിയന്ത്രണങ്ങളുളളതിനാൽ ഇക്കുറിയും വിഷുക്കണി ദർശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ല.
മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നന്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിനുശേഷം തീർഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും.
ചൊവ്വാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം കീഴ്ശാന്തി നന്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കും.
ഓട്ടുരുളിയിൽ ഉണക്കലരി,പുതുവസ്ത്രം, ഗ്രന്ഥം,സ്വർണം, വാൽക്കണ്ണാടി, കണികൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ.
പുലർച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും. നാളികേരമുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം മേൽശാന്തി ഗുരവായൂരപ്പനെ കണികാണിക്കും.
തുടർന്ന് ഗുരുവായൂരപ്പന്റെ തങ്കത്തിടന്പ് സ്വർണ സിംഹാസനത്തിൽ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ചു വയ്ക്കും. സിംഹാസനത്തിനുതാഴെയായി ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും.
വിഷുപ്പുലരിയിൽ നാലന്പലത്തിൽ കടന്നു കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ഇക്കുറിയും ഭക്തർക്ക് സാധിക്കില്ല.
എന്നാൽ പുലർച്ചെ 4.30 മുതൽ വെർച്വൽ ക്യു വഴി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് നാലന്പല പ്രവേശന കവാടത്തിൽ നിന്ന് ദർശനം നടത്താവുന്നതാണ്.
കഴിഞ്ഞ വർഷം ലോക് ഡൗണ് ആയതിനാൽ വിഷുവിന് ക്ഷേത്രത്തിലേക്കു ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.