ആലപ്പുഴ: വീടിന് സമീപത്തെ വിറക് പുര പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം കാലപഴക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന ബുധനാഴ്ച നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയ പരിശോധന വിഭാഗത്തിന്റെ മേധാവി എത്തിയ ശേഷമായിരിക്കും വിശദമായ പരിശോധന നടക്കുക.
എന്നാൽ ദ്രവിച്ച അവസ്ഥയിൽ കണ്ടെത്തിയ അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക പരിശോധനാ നിഗമനം.
ഞായറാഴ്ച രാവിലെ 10.30 ഓടെ ആലപ്പുഴ കല്ലുപാലത്തിന് തെക്ക് വ്യാപാരിയായ കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിത്. അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. ദുരുഹതയില്ലെങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.