കൊച്ചി: കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കമ്പനി സ്ഥാപിക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയില്‍ നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അതിനുള്ളില്‍ അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് കല്ലറയും അസ്ഥികൂടവും കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരെത്തി അസ്ഥികള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു.
1963ല്‍ എച്ച്എംടി സ്ഥാപിക്കുന്നതിന് താമസക്കാരെ ഒഴിപ്പിച്ചു സ്ഥലമുടമകളില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. എച്ച്എംടി 240 ഏക്കര്‍ ഭൂമി ഹൈടെക് പാര്‍ക്കിനായി 2002ല്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു.
അതിനു മുന്നേ മറവു ചെയ്ത ജഡമായിരിക്കാമെന്നാണു നിഗമനം. കുഴി താഴ്ത്തി മൃതദേഹം മറവു ചെയ്ത ശേഷം അതിനുമുകളില്‍ വെട്ടുകല്ലുകൊണ്ടുള്ള “കല്പ്പലകകള്’ മേല്‍ക്കൂര കണക്കെ പാകിയ നിലയിലാണു കല്ലറ കണ്ടെത്തിയത്.