വൈക്കം: മൽസ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുന്പ് കാണാതായവരുടെ പട്ടിക പോലീസ് തയ്യാറാക്കും.
മൽസ്യകുളത്തിനായി കുഴിച്ച സ്ഥലത്തു ഇന്നു വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തും.
ഫോറൻസിക് അധികൃതർ ഇന്നത്തി മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും.
ഫോറൻസിക് പരിശോധനയിലൂടെ മൃതദേഹാവശിഷ്ടം പുരുഷന്റെയോ സ്ത്രീയുടേതാണോയെന്നു കണ്ടെത്താനാകും.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിർണയിച്ചു കഴിഞ്ഞാൽ ആ കാലയളവിൽ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം കാർത്തികയിൽ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് ഇന്നലെ വൈകുന്നേരം നാലോടെ തലയോട്ടിയും അസ്ഥികളും ലഭിച്ചത്.
ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരു വർഷം മുന്പാണ് രമേശൻ വാങ്ങിയത്.
കരിയാറിനോടു ചേർന്ന് കിടക്കുന്ന തോടും പുരയിടവുമായ ഭാഗം 15 വർഷം മുന്പ് ചെമ്മനത്തുകര കയർ സഹകരണ സംഘം പൊതി മടൽ മൂടുന്നിടമായിരുന്നു.
വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മൽസ്യക്കുളമൊരുക്കാൻ കുഴിച്ചപ്പോഴാണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്.
കരിയാറിനു കുറുകെ കടത്തുണ്ടായിരുന്ന ഈ സ്ഥലത്ത് വെള്ളപ്പൊക്കത്തിനു കരിയാർ കരകവിഞ്ഞു വെളളം കയറിയിരുന്നു.
ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം വേലിയേറ്റത്തിൽ ഒഴുകി മടൽ മൂടിയിരുന്നിടത്ത് അടിഞ്ഞതാണോയെന്നും ആരെയെങ്കിലും കൊലപ്പെടുത്തി ആൾപ്പാർപ്പു കുറഞ്ഞിടത്ത് തള്ളിയതാണോയെന്ന സംശയവും ബലപ്പെടുകയാണ്.
മൃതദേഹവശിഷ്ടങ്ങൾ ലഭിച്ചിടത്ത് പോലീസ് കാവലേർപ്പെടുത്തിയിരിക്കുകയാണ്.