മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്.അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.
1. പൂപ്പൽ രോഗങ്ങൾ (Fungal Infections)
കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷ,േ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും വായിലും രോഗം ഉണ്ടാക്കുന്നു.
2. നഖച്ചുറ്റ്
എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിനുചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിനു നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ
സാധ്യതയുള്ളത്.
3. ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ
അണുബാധയ്ക്ക് അന്തരീക്ഷത്തിലെ നനവും പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധിതമായ നഖവും ചർമവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ ഫംഗസിന്റെ നാരുകൾ കാണാൻ സാധിക്കും.
ഇമിഡസോൾ അടങ്ങിയ മരുന്നുകൾ ഉള്ളിൽ കഴിക്കുകയും കീറ്റോ കൊനസോൾ, മൈക്കൊനസോൾ എന്നീ ലേപനങ്ങൾ പുരട്ടുകയും ചർമവും നഖവും ഈർപ്പരഹിതമായി സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ ഫംഗസ് ബാധ നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറവുള്ള രോഗികൾ, ദീർഘകാലം ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് ഇവ കഴിക്കുന്ന രോഗികൾ ഇവരെല്ലാം ഒരു മെഡിക്കൽ സ്പെഷലിസ്റ്റിന്റെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കേണ്ടതാണ്.
4. ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചർമരോഗങ്ങൾ
കുട്ടികളിൽ സ്റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ ഇംപെറ്റെഗോ (Impetigo) എന്ന രോഗം ഉണ്ടാക്കാം. ഈർപ്പം മൂലം തൊലി പൊട്ടുകയോ നേർമയാവുകയോ ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ചെറിയ ഒരു കുമിളയാണ് തുടക്കം. തൊലിക്കകത്തുള്ള കൊഴുപ്പാണ് ഇവ പെരുകാൻ കാരണം. ഇത് പകരുന്ന രോഗമാണ്. നാട്ടിൻപുറത്ത് കരപ്പൻ എന്ന് വിളിക്കുന്ന രോഗമാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികൾക്കും മഴക്കാലങ്ങളിൽ ഇത് കാണപ്പെടാറുണ്ട്. രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം