സ്വന്തം ലേഖകൻ
കോഴിക്കോട്: നഗരത്തിലെ പ്രധാന മയക്കുമരുന്ന് കേന്ദ്രങ്ങളിൽ ചേവായൂർ ത്വക്ക് രോഗാശുപത്രിയുടെ പരിസര പ്രദേശങ്ങളും.26 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ ത്വക്ക രോഗാശുപത്രിയിൽ ചുറ്റുമതിലുള്ളത് പേരിനുമാത്രമായാണ്.
പലരും വളപ്പിനുള്ളിലേക്ക് ചാടി കയറി ലഹരി മാഫിയകാരെ സഹായിക്കുകയാണ്. റോഡിന്റെ വശത്ത് പ്രധാന ഗേറ്റിനോട് ചേർന്ന് കാണുന്ന ചുറ്റുമതിലാണ് സംരക്ഷണഭിത്തിയെന്ന് പറയാൻ ആശുപത്രിക്കുള്ളത്. ബാക്കിവരുന്ന ഭാഗം മുഴുവൻ തുറന്നുകിടക്കുകയാണ്.
പകൽസമയങ്ങളിൽ പോലും ഒരു സെക്യൂരിറ്റി സ്ഥിരമായില്ലാത്ത ആശുപത്രിയിൽ ആർക്കും എപ്പോൾ വേണമെങ്കിലും കയറിചെല്ലാം എന്ന അവസ്ഥയാണ്. സുരക്ഷാ ജീവനകഎകാരുടെ കണ്ണുവെട്ടിച്ചും ഇവിടെ മയക്കുമരുന്ന് വിപണനവും വിൽപനയും നടക്കുന്നു.ചുറ്റുപാടും കാടു പിടിച്ചു കിടക്കുന്ന ആശുപത്രി പരിസരത്ത് ഇരുട്ടു പരക്കുന്നതോടെ മദ്യവും മയക്കുമരുന്നുമായി ആളുകളെത്തി തുടങ്ങുമെന്ന് അന്തേവാസികൾ പറയുന്നു. അടുത്തിടെയാണ് മയക്കുമരുന്നിന്റെ വർധിച്ച ഉപയാഗത്താൽ നഗരത്തിൽ വിദ്യാർഥി മരിച്ചത്.
മയക്കുമരുന്നു കഞ്ചാവും യഥേഷ്ടം ലഭിക്കുന്നതിനൊപ്പം അവ ഉപയോഗിക്കുന്നതിന് നഗരത്തിൽ അനേകം കേന്ദ്രങ്ങളുണ്ടെന്നതാണ് സത്യം. അവയിൽ ഒന്നു മാത്രമാണ് അധികൃതരും സമൂഹവും വലിയ ശ്രദ്ധപതിപ്പിക്കാത്ത ത്വക്ക് രോഗാശുപത്രി.ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപത്തായുള്ള വർഷങ്ങളായി ആൾപാർപ്പില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ എന്നിങ്ങനെ പോലീസിന്റെ ശ്രദ്ധയിൽപ്പെടാത്ത സൗകര്യമുളള കേന്ദ്രങ്ങൾ അനവധിയുണ്ട് നഗരമധ്യത്തിലും പ്രാന്തപ്രദേശങ്ങളിലും.
നേരത്തെ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന പി.വസ്തൻ, മുൻ ഡിസിപി ഡി.സാലി എന്നിവർ ചേർന്ന് നഗരത്തിലെ മയക്കുമരുന്ന ശൃംഖലയെ അടിച്ചമർത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവ വീണ്ടും തലപ്പൊക്കി തുടങ്ങിയെന്നതിന്റെ തെളിവാണ് വർധിച്ചുവരുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം.
ത്വക്ക് രോഗാശുപത്രിയിൽ രാത്രി കാലങ്ങളിൽ കോന്പൗണ്ടിൽ കയറി മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ രാത്രി പോലീസ് എത്തിയപ്പോൾ ഇവർ പല വഴിക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസും ഇവിടേക്ക് തിരിഞ്ഞു നോക്കാതെയായി.