ആലപ്പുഴ: ജില്ലയിലെ കന്നുകാലികളിൽ ചർമമുഴ വ്യാപകമായതോടെ പ്രതിരോധം ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്.
വകുപ്പിനു കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും മരുന്നും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും 12 ബ്ലോക്കുകളിൽ രാത്രികാല സേവനം ലഭ്യമാണെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ (ഇൻചാർജ് ) ഡോ. എസ്. വിനയകുമാർ, ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ബി. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആറു പശുക്കൾ ചത്തു
മുതുകുളം, കഞ്ഞിക്കുഴി ബ്ലോക്കുകളിൽ വെറ്റിനററി യൂണിറ്റിന്റെ സേവനവും ലഭ്യമാണ്. ഈ സേവനം ആവശ്യമുള്ളവർ 1962 എന്ന നമ്പറിൽ ബന്ധപ്പെടണം.
ജില്ലയിലെ 28 പഞ്ചായത്തുകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറു പശുക്കൾ ചത്തു. ഈച്ച, കൊതുക്, ചെള്ള് എന്നിവ മൂലവും രോഗ ബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം.
ലക്ഷണങ്ങൾ
ചർമത്തിലുള്ള വൃത്താകൃതിയിലുള്ള തടിപ്പ്, മൂക്കിൽനിന്നും കണ്ണിൽനിന്നുമുള്ള നീരൊലിപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.
വൈറസ് രോഗമായതിനാൽ കുത്തിവയ്പ് ആണ് പ്രതിരോധ മാർഗം. ജില്ലയിൽ 49,255 കന്നുകാലികൾക്കു പ്രതിരോധ വാക്സിൻ നൽകി. ക്ഷീരകർഷകരുടെ വീടുകളിൽ എത്തിയാണ് കുത്തിവയ്പ് എടുക്കുന്നത്.
രോഗബാധ സംശയിക്കുന്ന കന്നുകാലികളെ മാറ്റി പാർപ്പിക്കണമെന്നും രോഗം ബാധിച്ചവയുടെ പാൽ കിടാങ്ങൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു.
എപിഡോമോളജിസ്റ്റ് ഡോ.വൈശാഖ് മോഹൻ, ഫീൽഡ് ഓഫീസർ സി.ജി. മധു കാവുങ്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .