വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യം വിവാദത്തില്‍. അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ മുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്.
പരസ്യ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കി.
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോര്‍ഡില്‍ എഴുതിയിരുന്നു.
ആശുപത്രിയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് തെറ്റ് മനസിലായത്.
വംശീയപരമായ അധിക്ഷേപ സ്വഭാവമുള്ളതാണ് ബോര്‍ഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമര്‍ശനം.
എന്നാല്‍ അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു പരസ്യ ഏജന്‍സ്യാണെന്നും അവര്‍ക്ക് ചിത്രത്തിലുള്ളത് ആരാണെന്നും അറിയാതെ പോയതാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് പിന്നിലെന്ന് ആശുപത്രിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വ്യക്തമാക്കി.
ഇന്റര്‍നെറ്റില്‍ നിന്ന് ചര്‍മ്മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ അടങ്ങിയ ചിത്രം തിരഞ്ഞപ്പോള്‍ ലഭിച്ച ചിത്രം ഉപയോഗിച്ചതില് വന്ന പിഴവാണ്.
സംഭവിച്ചത് ഗുരുതരമായ തെറ്റാണ്. അതില്‍ ക്ഷമാപണം നടത്തുന്നു. ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പരസ്യ ബോര്‍ഡ് ശനിയാഴ്ച തന്നെ നീക്കിയെന്നും വ്യക്തമാക്കി.