വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.
കുരുക്കൾ
1. മിലിയ (Milia)
യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ മുഖത്തും ശരീരഭാഗങ്ങളിലും കാണുന്ന വെളുത്ത ചെറിയ കുരുക്കളാണ് മിലിയ എന്ന് അറിയപ്പെടുന്നത്. 1-2 മിമീ വലിപ്പമുള്ള ഇവ മുഖത്തും കണ്പോളകളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. റെറ്റിനോയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇലക്ട്രോ കോട്ടറിയും (Electro cautery) ഇതിന് ഫലപ്രദമാണ്.
2. സെബോറിക് കെരറ്റോസസ്
മങ്ങിയ നിറമോ, ഇരുണ്ട നിറമോ ഉള്ള ചെറുതും വലുതുമായ കുരുക്കളാണിവ. മിക്കവാറും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്.
ത്വക്കിന്റെ പോഷകം
വാര്‍ധക്യത്തില്‍ വിറ്റാമിന്റെയും പോഷകങ്ങളുടെയും കുറവുണ്ടാകാറുണ്ട്. പേല്ലഗ്രാ പോലുള്ള അസുഖങ്ങള്‍ – ത്വക്കിനെ ബാധിക്കുന്നവ – വിറ്റാമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകാം. അതുകൊണ്ട് സമീകൃതാഹാരം ത്വക്കിന് അത്യന്താപേക്ഷിതം. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി, ഇ കൂടുതലുള്ള പച്ചയും മഞ്ഞയും നിറമുള്ള പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, മധുരക്കിഴങ്ങ്…ഇവ ചർമസംരക്ഷണത്തിന് നല്ല പ്രയോജനം ചെയ്യും. തണ്ണിമത്തങ്ങ പോലുള്ള ജലാംശം കൂടുതലുള്ള ഫലങ്ങള്‍, നാരുകളും വിറ്റാമിനുകളും കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികളും, നട്ട്സ്, മീന്‍ ഇവ സ്ഥിരമായി കഴിക്കേണ്ടതാണ്.
പുറമേയുള്ള ലേപനങ്ങള്‍
വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ലേപനങ്ങള്‍ ത്വക്കിലെ ജലാംശം നിലനിര്‍ത്തുകയും ചുളിവുകള്‍ തടയുകയും ചെയ്യും. വിറ്റാമിൻ ഇ അടങ്ങിയ മരുന്നുകള്‍ പുരട്ടിയാല്‍ ചര്‍മത്തിന്റെ പുറംപാളിയില്‍ അത് തങ്ങിനില്ക്കുകയും പുറമേയുള്ള ദോഷകാരകങ്ങളിൽ – ഉദാഹരണത്തിന്, അള്‍ട്രാ വയലറ്റ് രശ്മികള്‍ – നിന്നൊക്കെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റായ ഈ വിറ്റാമിനുകള്‍ തൊലിക്ക് സ്നിഗ്ധതയും മൃദുത്വവും നല്കുന്നു.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്,
ത്വക് രോഗ വിഭാഗം
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം