കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളിയുള്‍പ്പെടെ കത്തോലിക്കാ കന്യാസ്ത്രീകൾക്കു നേരെ ആക്രമണം നടത്തിയത് ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി.
ഝാൻസി റെയില്‍വേ പോലീസ് സൂപ്രണ്ട് ആണ് വെളിപ്പെടുത്തൽ നടത്തിയത്.
ഋഷികേശിലെ പഠനക്യാംപ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നും റെയിൽവെ സൂപ്രണ്ട് ഖാന് മന്‍സൂരി പറഞ്ഞു.
മതപരിവർത്തനം എന്ന ആരോപണത്തിൽ കഴമ്പില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ ബജ്രംഗ്ദള് പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.
ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് കന്യാസ്ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായത്.
എബവിപി പ്രവർത്തകനായ അജയ് ശങ്കർ തിവാരിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കന്യാസ്ത്രീകൾ സഞ്ചരിച്ച അതേ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഇയാളും.
രണ്ട് യുവതികളോട് കന്യാസ്ത്രീകൾ സംസാരിക്കുന്നതുകണ്ട തിവാരി മതപരിവർത്തനം ആരോപിച്ച് സഹപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു.
എബിവിപി, ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകരെയാണ് ഇയാൾ വിവരം അറിയിച്ചത്. ഇവർ ഉടൻ തന്നെ ഝാൻസി റെയിൽവെ സ്റ്റേഷനിൽ എത്തുകയും ഇവിടെവച്ച് കന്യാസ്ത്രീകളെ ട്രെയിനിൽനിന്ന് ബലംപ്രയോഗിച്ച് ഇറക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്സിലെ നാലു കന്യാസ്ത്രീകൾക്കാണ് ദുരനുഭവം നേരിട്ടത്.
ഒഡീഷയില്‍നിന്നുള്ള 19 വയസുള്ള രണ്ടു സന്യാസാര്ഥിനിമാരെ അവധിക്ക് നാട്ടിലാക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു.
സന്യാസാര്‍ഥിനികളെ അനുഗമിച്ചിരുന്ന യുവ കന്യാസ്ത്രീമാരില്‍ ഒരാള്‍ മലയാളിയാണ്.
സന്യാസ പരിശീലന ഘട്ടത്തിലുള്ളവരായതിനാൽ സന്യാസാര്‍ഥിനികള്‍ ഇരുവരും സാധാരണ വസ്ത്രവും മറ്റുള്ളവര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേര്‍ഡ് എസിയിലായിരുന്നു ഇവരുടെ യാത്ര.
19ന് ഉച്ചയോടെയാണു ഡല്‍ഹിയില്‍നിന്നു യാത്ര തിരിച്ചത്. വൈകുന്നേരം ആറരയോടെ ഝാന്‍സി എത്താറായപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.
സന്യാസാര്‍ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോകുന്നെന്നായിരുന്നു ആരോപണം.