ഹാനോയ്: വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന തുടങ്ങിയിട്ട് അഞ്ചുമാസമായെന്നും തലവേദനയ്ക്കൊപ്പം മറ്റു ചില പ്രശ്നങ്ങളുണ്ടെന്നും യുവാവ് പറഞ്ഞു.
യുവാവിനെ ഉടൻതന്നെ സിടി സ്കാനിംഗിനു വിധേയനാക്കി. സ്കാൻ റിപ്പോർട്ട് കണ്ട ഡോക്ടർമാർ ഞെട്ടിപ്പോയി. യുവാവിന്റെ തലച്ചോറിനുള്ളിൽ ഒരു ജോടി ചോപ്സ്റ്റിക്കുകൾ (ചൈനാക്കാരും മറ്റും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കോലുകൾ) തറഞ്ഞുകയറിയിരിക്കുന്നു.
യുവാവിന്റെ മൂക്കിലൂടെ കടന്നാണ് ഇവ തലച്ചോറിൽ എത്തിയത്. ഇതേക്കുറിച്ചു വിശദമായി ചോദിച്ചപ്പോൾ അഞ്ചുമാസം മുമ്പ് മദ്യപിക്കവേ ഒരു അടിപിടിയുണ്ടായ കാര്യം യുവാവ് ഓർത്തെടുത്തു.
അന്ന് അക്രമി എന്തോ വസ്തു വച്ച് മുഖത്ത് പ്രഹരിച്ചിരുന്നെന്നും യുവാവ് പറഞ്ഞു. ചോപ്പ്സ്റ്റിക്കുകളാകാം അക്രമി ഉപയോഗിച്ചതെന്നും അവ മൂക്കിലൂടെ തലച്ചോറിൽ എത്തിയതാകാമെന്നുമാണു നിഗമനം.
ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ് ഹോസ്പിറ്റലിൽ നടത്തിയ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ചോപ്സ്റ്റിക്കുകൾ നീക്കി. തലവേദന കുറഞ്ഞെന്നും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്.