കടുത്തുരുത്തി: പ്രായം നൂറ് പിന്നിട്ട് കടുത്തുരുത്തി എസ്കെവി (ശ്രീകൃഷ്ണ വിലാസം) മാർക്കറ്റ്. മാർക്കറ്റിന്റെ ആരംഭകാലത്തെന്ന പോലെ ഇപ്പോഴും നാട്ടുമാത്സ്യങ്ങൾ തേടിയെത്തുന്നവർ ആദ്യമെത്തുക കടുത്തുരുത്തി എസ്കെവി മാർക്കറ്റിൽ. ഇപ്പോൾ പേര് പറയുന്പോൾ ഏറ്റുമാനൂർ, വൈക്കം മാർക്കറ്റുകൾക്കാണ് പെരുമ കൂടുതലെങ്കിലും നാട്ടുമത്സ്യങ്ങൾ ഇപ്പോഴും ന്യായ വിലയ്ക്കു ലഭിക്കുന്ന മാർക്കറ്റ് ഏതെന്ന് ചോദിച്ചാൽ എസ്കെവിക്ക് തന്നെയായിരിക്കും പ്രഥമസ്ഥാനം. നൂറുവർഷത്തെ ചരിത്രമാണ് കടുത്തുരുത്തി ശ്രീകൃഷ്ണവിലാസം (എസ്കെവി) മാർക്കറ്റിന് പറയാനുള്ളത്.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് മാർക്കറ്റ് ആരംഭിക്കുന്നതെന്നാണ് ചരിത്രം പറയുന്നത്. 2019 ജൂലൈ അഞ്ചിന് മാർക്കറ്റിന് നൂറ് വയസായി. മാർക്കറ്റില്ലാതിരുന്നതിനാൽ കടുത്തുരുത്തിയിലുള്ളവർ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് വാലാച്ചിറ കടവിൽ എത്തി വേണം വള്ളത്തിൽ അരിയും പച്ചക്കറികളുമായി കൊച്ചിയിലും ആലപ്പുഴയിലും എത്തിച്ചു വിൽപന നടത്തിയിരുന്നതും, അവിടെ നിന്നുള്ള പലചരക്ക് സാധനങ്ങൾ കടുത്തുരുത്തിയിലേക്ക് എത്തിച്ചിരുന്നതും.
അക്കാലത്ത് ഗതാഗത സൗകര്യത്തിനായി കാളവണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ ദിവാനായിരുന്ന കൃഷ്ണൻ കൈമൾ വാലാച്ചിറയിൽ ഒരു മാർക്കറ്റ് സ്ഥാപിക്കുവാൻ ആലോചന നടത്തുകയും ഇതിനായി നാട്ടുകാരുടെ യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. എന്നാൽ വാലാച്ചിറയിൽ ചന്ത വരുന്നതിനോട് ബഹുഭൂരിപക്ഷം നാട്ടുകാരും എതിർപ് പ്രകടിപ്പിച്ചു.
തുടർന്ന് വ്യാപാരിയും ഭൂപ്രമുഖനുമായ മണലേൽ കുഞ്ഞാക്കോ ദിവാനെ നേരിട്ട് കണ്ടു കടുത്തുരുത്തിയിൽ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകാമെന്നറിയിച്ചു. തുടർന്ന് 1919 ജൂലൈ ആറിന് ശ്രീകൃഷ്ണവിലാസം മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. പിൽകാലത്ത് നാൽക്കാലികളുടേയും നാടൻ മത്സ്യങ്ങളുടേയും പ്രധാന കച്ചവട കേന്ദ്രമായി ഇവിടം മാറി. എട്ടണ പത്രത്തിലായിരുന്നു തിരുവിതാംകൂർ സർക്കാരിന് കുഞ്ഞാക്കോ സ്ഥലം സൗജന്യമായി എഴുതി നൽകിയത്.
ഇന്നത്തെ ലൂർദ്ദ് കപ്പോളക്ക് സമീപം അക്കാലത്ത് കുഞ്ഞാക്കോയ്ക്ക് വ്യാപാര സ്ഥാപനം ഉണ്ടായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രതിനിധിയായ ദിവാൻ മേലാറ്റൂർ എം.കൃഷ്ണൻ നായരാണ് മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 150 വർഷത്തിലധികം പഴക്കമുള്ള ഇരുനിലകളുള്ള വീടും വ്യാപാര സ്ഥാപനവും ഇപ്പോഴും ഇവിടെ കാണാം. എസ്കെവി മാർക്കറ്റിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു.