അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് അമേരിക്ക. ഇവിടെ പലരും അന്യഗ്രഹജീവികളെ കണ്ടുവെന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അമേരിക്കയുടെ ആകാശത്ത് ഉണ്ടായ ഒരു പുതിയ പ്രതിഭാസമാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നത്.
അമേരിക്കയില്‍ ആകാശം പച്ചനിറത്തില്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്കു വഴിവച്ചത്.
പ്രധാനമായും സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് വിചിത്രമായ പച്ചനിറം പൂണ്ടത്. യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനമാണ് ഇത്.
നെബ്രാസ്ക, മിനസോഡ, ഇലിനോയ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി.
ഇതിന്റെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് പലവിധ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.
ഡെറെക്കോ എന്ന ഗണത്തിലുള്ള വലിയ കൊടുങ്കാറ്റ് സൗത്ത് ഡക്കോട്ടയില്‍ ആഞ്ഞടിച്ചതാണ് ഇതിനു കാരണമായത്.
മണിക്കൂറില്‍ 159 കിലോമീറ്റര്‍ വരെ വന്‍വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് 400 കിലോമീറ്ററിലധികം നീളത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തി.
സൗത്ത് ഡക്കോട്ടയിലെ സിയൂക്സ് ഫാള്‍സ് എന്ന പട്ടണത്തില്‍ കാറ്റ് ആഞ്ഞുവീശുന്നതിനു മുന്‍പായാണ് ആകാശം പച്ചനിറത്തിലായത്.
അമേരിക്കന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇത് സംഭവിച്ചത്. ഒരേദിശയില്‍ പോകുന്ന, ഒരുപാടു സമയം നീണ്ടുനില്‍ക്കുന്ന കൊടുങ്കാറ്റിനെയാണ് ഡെറെക്കോ എന്നു വിളിക്കുന്നത്.
മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെറെക്കോ സംഭവിക്കാറുണ്ട്. സാധാരണ ഗതിയില്‍ നീലനിറത്തിലുള്ള ആകാശം കടുത്ത കൊടുങ്കാറ്റിനും പേമാരിക്കും മുന്‍പ് നിറം മാറിയേക്കും.
കടുംചുവപ്പ്, പര്‍പ്പിള്‍, ഇരുണ്ട നിറങ്ങള്‍ ആകാശത്തിന് സംഭവിക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്.
എന്നാല്‍ ചില അന്തരീക്ഷ കണങ്ങള്‍ സൂര്യപ്രകാശവുമായി എങ്ങനെ പ്രവര്‍ത്തനം നടത്തുന്നു, അതിനെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാല്‍ ചിലപ്പോള്‍ ആകാശം പച്ചപോലെ വിചിത്ര നിറങ്ങള്‍ അണിയാറുണ്ട്.
അത്തരമൊരു സംഭവവികാസമാണ് സൗത്ത് ഡക്കോട്ടയില്‍ സംഭവിച്ചതെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ആലിപ്പഴങ്ങള്‍ പൊഴിഞ്ഞുവീഴുന്നതിനു മുന്നോടിയായുള്ള സൂചനയുമാകാം ഹരിത വര്‍ണമുള്ള ആകാശമെന്ന് നാഷനല്‍ വെതര്‍ സര്‍വീസ് പറയുന്നു.
എന്നാല്‍ ഇന്നലെ ആലിപ്പഴങ്ങള്‍ ഒന്നും പടിഞ്ഞാറന്‍ യുഎസ് മേഖലയില്‍ വീണില്ല. ഇതേത്തുടര്‍ന്നാണ് അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.