റെയ്ക്ജാനെസ്(ഐസ് ലാൻഡ്): അഗ്നിപര്വത സ്ഫോടനത്തിന്റെ ആകാശദൃശ്യങ്ങള് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുകൾക്കു വിരുന്നായി. ഐസ് ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിനു മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്നിന്നു ഇരുപത്തിരണ്ടുകാരനായ ടൂറിസ്റ്റ് കെയ് ലി പാറ്റർ പകർത്തിയ അഗ്നിപർവത സ്ഫോടനദൃശ്യങ്ങളാണു സോഷ്യൽ മീഡിയയുടെ പ്രിയം പിടിച്ചു പറ്റിയത്.
അഗ്നിപര്വത സ്ഫോടനങ്ങള് ഭീതി നിറയ്ക്കുന്ന പ്രകൃതി പ്രതിഭാസമാണെങ്കിലും ആകാശത്തുനിന്നുള്ള അതിന്റെ കാഴ്ച ഏറെ ആകർഷകമാണെന്നു ദൃശ്യങ്ങൾ കണ്ടവർ അഭിപ്രായപ്പെട്ടു.
800 വർഷത്തോളം നിഷ്ക്രിയാവസ്ഥയിലായിരുന്ന റെയ്ക്ജാനെസ് ഉപദ്വീപിലെ അഗ്നിപര്വതങ്ങള് 2021ലാണ് വീണ്ടും സജീവമായത്. ഒരു വർഷത്തിനുള്ളിൽ ഈ മേഖലയില് സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപര്വത സ്ഫോടമാണു കഴിഞ്ഞ ദിവസം ഉണ്ടായത്. അഗ്നിപര്വതത്തിൽനിന്നു തീ തുപ്പി വമിച്ച ലാവാപ്രവാഹം ഏകദേശം മൂന്നു കിലോമീറ്റർ വീതിയിൽ പരന്നൊഴുകി.