സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ നഗറിൽ കാൽനട യാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാൻ ആകാശ നടപ്പാത (സ്കൈ വാക്ക്) യുടെ നിർമാണം തുടങ്ങി. നടപ്പാതയുടെ കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിക്കാനുള്ള പൈലിംഗ് പണികളാണ് ആരംഭിച്ചത്. ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, സർക്കസും വാണിജ്യ പ്രദർശനങ്ങളും നടക്കുന്ന ഗ്രൗണ്ട് എന്നീ നാലു മേഖലകളെ ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതയാണു നിർമിക്കുന്നത്. നാലു മേഖലയിലേക്കും നടപ്പാതയുടെ പടവുകൾ ഉണ്ടാകും.
വാഹനത്തിരക്കേറിയ ഈ പ്രദേശത്ത് നടപ്പാത യാഥാർഥ്യമായാൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും സൗകര്യപ്രദമായിരിക്കും. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് വിഭാവനം ചെയ്ത നടപ്പാത പദ്ധതിക്കായി കഴിഞ്ഞ വർഷം എൽഡിഎഫ് ഭരണസമിതി തുക നീക്കിവച്ചിരുന്നു.
ആകാശ നടപ്പാത നിർമാണം ഇന്നലെ ശക്തൻ നഗറിലെ വ്യാപാരികൾ തടഞ്ഞു. പൈലിംഗ്, നടപ്പാത നിർമാണത്തോടെ ശക്തൻ പച്ചക്കറി മാർക്കറ്റിലെ മൂന്നു പീടികമുറികൾ പൊളിച്ചുനീക്കേണ്ടിവരും. പീടികമുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട കോർപറേഷൻ അധികൃതർ മൂന്നു പീടികമുറികളിലേക്കുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവുമായി ഒരു കടയുടമ കോർപറേഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മൂന്നു വ്യാപാരികൾക്കും പുനരധിവാസം നൽകാതെ പണി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണു ശക്തനിലെ വ്യാപാരികൾ. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം. ജയപ്രകാശ്, കെ.ജെ. പോൾ എന്നിവർ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
ആകാശ നടപ്പാത നിർമാണത്തിനു മുന്നോടിയായി ശക്തനിലെ ഫുട്പാത്ത് വ്യാപാരികളെ ഒഴിവാക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന നടപടികളുമായി കോർപറേഷൻ മുന്നോട്ടുപോകുന്നുണ്ട്.