29 നിലകളുള്ള അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയപ്പോൾ ഇയാളുടെ പാരച്യൂട്ട് തുറക്കാനാകാതെ വന്നതാണ് അപകടത്തിന് കാരണം. കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡണിൽ നിന്നുള്ള നതി ഓഡിൻസൺ പട്ടായയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. 33 കാരനായ ബ്രിട്ടീഷ് ബേസ് ജമ്പർ ആണ് മരിച്ചത്.
വീഡിയോ പകർത്തുന്നതിനായി താഴെ സുഹൃത്തിനെ നിർത്തിയ ശേഷം മുകളിലേക്ക് ബേസ് ജമ്പ് ചെയ്യാൻ പോയതായിരുന്നു യുവാവ്. 29-ാം നിലയിലെത്തി താഴേക്ക് ചാടിയപ്പോൾ കൈവശമുണ്ടായിരുന്ന പാരച്യൂട്ട് പ്രവർത്തനസജ്ജമാകാതെ വന്നതോടെ മരത്തിൽ ഇടിച്ച് നിലത്ത് വീഴുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിച്ചതിങ്ങനെ,’അദ്ദേഹം ചാടാൻ ഉപയോഗിച്ച പാരച്യൂട്ട് തകരാറിലായതിനാൽ പ്രതീക്ഷിച്ചതുപോലെ തുറന്നില്ല. ചാടുന്ന വീഡിയോ പകർത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുകയും വിഡിയോ തെളിവായി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അവർ പാരച്യൂട്ട് പരിശോധിക്കുന്നു’.
യുവാവ് മുമ്പ് നിരവധി തവണ ഈ കെട്ടിടത്തിൽ നിന്ന് ചാടിയിട്ടുണ്ടെന്നും ഇത് താഴെ നടക്കുന്ന കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കിയെന്നും ഇവിടുത്തെ സെക്യൂരിറ്റി ഗാർഡുകൾ പറയുന്നു. എന്നാൽ ഇയാൾ ഒരു പരിചയസമ്പന്നനായ പാരച്യൂട്ടിസ്റ്റായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ സാഹസികതകളുടെ നിരവധി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.