കൊച്ചി: കോട്ടയം നഗരത്തില്‍ ജനങ്ങള്‍ക്കു ഭീഷണിയായി മാറിയ ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകന് എ.കെ. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മുന്‍മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉപഹര്‍ജി നല്കി.
ആകാശപാതയുടെ ഏഴു തൂണുകള്‍ തുരുമ്പിച്ചു പൊളിഞ്ഞു വീഴാറായെന്നും ഇത് ഏതു സമയവും നിലം പൊത്താമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് തിരുവഞ്ചൂരിന്റെ ഹര്‍ജിയില്‍ പറയുന്നു.
ആകാശപാത സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കോട്ടയം നഗരത്തില്‍ അഞ്ചു റോഡുകള്‍ ചേരുന്ന ശീമാട്ടി റൗണ്ടാനയില്‍ ആളുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഇതിനേക്കാള്‍ മികച്ച ബദല്‍ പദ്ധതിയില്ല.
ദിനംപ്രതി 30,000ലേറെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മേഖലയാണിത്. മുനിസിപ്പല്‍ ജംഗ്ഷനില്‍ അഞ്ചു കോടി രൂപ ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാന്‍ 2016ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പിന്നീട് 5.18 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കിയെന്നും ആകാശപാതയിലേക്ക് കയറുന്നതിനുള്ള പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂരിന്റെ ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആര്‍ക്കും പ്രയോജനമില്ലെങ്കില്‍ ആകാശപാത പൊളിച്ചു കളഞ്ഞുകൂടേയെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ ആരാഞ്ഞിരുന്നു.