മെട്രോ ട്രെയിൻ കൊച്ചിയുടെ മാറിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. എന്നിട്ടും കൊച്ചിയിലെ ഗതാഗതക്കുരുക്ക് അത്രയൊന്നും കുറഞ്ഞിട്ടില്ല. എന്നാലിനി നമുക്ക് സ്കൈവേ ഒന്നു നോക്കിയാലോ. ഷാർജയിൽ സ്കൈവേ അഥവാ ആകാശ കാറുകൾ വൈകാതെ വരും.
ഷാർജയിലെ രൂക്ഷമായ ഗതാഗത തിരക്കിന് പരിഹാരവുമായി ഷാർജയിൽ ആകാശ കാറുകൾ ഉടൻ വരുമത്രെ. സ്കൈവേ പ്രോജക്ട് എന്ന് പേരിട്ട സംവിധാനം പരിചയപ്പെടുത്താനൊരുങ്ങുകയാണ് ഷാർജ. തൂങ്ങിക്കിടക്കുന്ന റെയിൽവേ സംവിധാനമാണ് സ്കൈവേ പ്രോജക്ട്.
യൂനികാർ എന്നറിയപ്പെടുന്ന തൂങ്ങിക്കിടക്കുന്ന ചെറുകാറുകൾ ഉപയോഗിച്ചുള്ള പരീക്ഷണ സഞ്ചാരം ഉടൻ ആരംഭിക്കാനാണ് നീക്കം. ഷാർജയിൽ ഈ സംവിധാനം വികസിപ്പിച്ച സ്ഥലത്തുതന്നെയാണ് പരീക്ഷണ ഓട്ടത്തിനും സൗകര്യമൊരുക്കുന്നത്. തൂങ്ങിക്കിടക്കുന്ന റെയിൽ പാളങ്ങൾ ഒരുപക്ഷെ ഭാവിയിലെ ഏറ്റവും സ്വീകാര്യതയുള്ള സഞ്ചാരമാർഗമായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ.
ചരക്കുനീക്കത്തിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. സ്കൈവേ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സാക്ഷിയായി. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് ആണ് സംരംഭത്തിന് പിന്നിൽ.