കണ്ണൂർ: താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലാണ് ഈ വിചിത്രമായ കാഴ്ച. ഓടകൾ സുരക്ഷിതമായി മൂടക്കത്തക്കവിധത്തിലാണ് റോഡ് നിരപ്പിൽ സ്ലാബുകൾ പാകാറുള്ളത്.
എന്നാൽ, ഇവിടെ വ്യത്യസ്തമായ രീതിയിൽ ഓടകൾക്കു മുകളിലായി കോൺക്രീറ്റ് സ്ലാബുകൾ തലങ്ങും വിലങ്ങുമായി റോഡിനരികിലെ മതിലിനോട് ചാരിവച്ച നിലയിലാണ്. കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള തിരക്കുപിടിച്ച റോഡിലാണ് അപകടക്കെണി.
റോഡ് നിരപ്പിൽ സ്ലാബുകൾ പാകാത്തതു കാരണം നടപ്പാത ഇല്ലാത്ത അവസ്ഥയാണ്. ഇതു കാരണം ഇതുവഴി പോകുന്ന കാൽനടയാത്രികർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു.
ബസ്സ്റ്റാൻഡിലേക്ക് ചീറിപാഞ്ഞു വരുന്ന ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴിയുള്ള കാൽനടക്കാർക്ക് ഭീഷണിയാണ്. ഓടകൾ തുറന്നിട്ടിരിക്കുന്നത് കാരണം മാലിന്യങ്ങളും കൊണ്ട് തള്ളുകയാണ്. ഇതുകാരണം പ്രദേശത്ത് തെരുവ് നായ ശല്ല്യവും കൂടിയതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.