കോട്ടയം: മുഖ്യമന്ത്രി നിർദേശിച്ച സാലറി ചാലഞ്ചിൽ നിന്നു പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു.
കോവിഡ് -19 രോഗ വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പകലും രാത്രിയുമില്ലാതെ ജോലി ചെയ്യുന്നതു പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരുമാണ്.
മറ്റൊരു വിഭാഗം സർക്കാർ ജീവനക്കാർ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ജീവനക്കാരും ജീവൻ പോലും പണയം വച്ച് രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സാലറി ചലഞ്ചിന്റെ പേരിൽ ശന്പളം വാങ്ങുന്നതു അനിതീയാണെന്ന് ഈ വിഭാഗത്തിലെ ജീവനക്കാർ പറയുന്നു.
ജോലി ചെയ്യുന്നവരെയും ചെയ്യാത്തവരെയും സാലറി ചാലഞ്ചിന്റെ കാര്യത്തിൽ രണ്ടായി പരിഗണിക്കുകയാണ് വേണ്ടതെന്നും ജീവനക്കാർ പറയുന്നു. രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ശന്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണ പോലെ ലഭിക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.
കോവിഡ് -19 വ്യാപകമായിരിക്കുന്ന കാലത്ത് ഈ രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന സേവനങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാനത്ത് കാൽലക്ഷത്തോളം പോലീസ് സേനാംഗങ്ങളാണുള്ളത്. ഇവർ ഉൗണും ഉറക്കവും ഉപേക്ഷിച്ച് രാത്രിയും പകലുമില്ലാതെ തെരുവിൽ പൊരിവെയിലിൽ നിന്നാണ് ലോക്ക് ഡൗണ് നിയന്ത്രിക്കുന്നത്.
ഇതേ രീതിയിൽ തന്നെയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രവർത്തിക്കുന്നത്. പ്രളയക്കാലത്ത് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണ് സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്.
കഴിഞ്ഞ പ്രളയ കാലത്ത് സാലറി ചലഞ്ചുമായി സഹകരിക്കാത്തവരെ കണ്ടെത്തി ശന്പളം വാങ്ങിയെടുക്കുകയും, പോലീസുകാരെയും ആരോഗ്യ വകുപ്പിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുകയും വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.