ന്യൂയോര്‍ക്ക്: അറുപത്തിയൊന്നു മിനിറ്റുകൊണ്ട് ചരിത്രം മാറ്റിയെഴുതി സ്ലൊവാൻ സ്റ്റീഫന്‍സ്. യുഎസ് ഓപ്പണില്‍ പുതിയ താരം ഉദയം ചെയ്തു. അമേരിക്കയുടെ സ്ലൊവാൻ സ്റ്റീഫന്‍സിന് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. സ്വന്തം നാട്ടുകാരിയും അടുത്ത സുഹൃത്തുമായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കരിയറിലെ ആദ്യ ഗ്രാന്‍സ്്ലാം കിരീടം സ്ലൊവാൻ സ്റ്റീഫന്‍സ് സ്വന്തമാക്കിയത്. അനായാസം മുന്നേറി വെന്നിക്കൊടി നാട്ടിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് 6-3,6-0.
സീഡ് ചെയ്യപ്പെടാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയാണ് അവര്‍ കിരീടവുമായി മടങ്ങുന്നത്. സീഡില്ലാതെ ഗ്രാന്‍സ്്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം കൂടിയായി അവര്‍. ഇതിന് മുമ്പ് 2009ല്‍ കിം ക്ലൈസ്റ്റേഴ്സാണ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്. വിരമിച്ച ശേഷം തിരിച്ചുവന്നാണ് ക്ലൈസ്റ്റേഴ്സ് അന്ന് കിരീടം നേടിയത്.
ലോക റാങ്കിംഗില്‍ 83 ാം സ്ഥാനത്തായിരുന്നു ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ സ്റ്റീഫന്‍സ്.
സെമിയില്‍ മുന്‍ ചാമ്പ്യന്‍ കൂടിയായ അമേരിക്കയുടെ വീനസ് വില്യംസിനെ വാശിയേറിയ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് സ്റ്റീഫന്‍സ് ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മാഡിസണ്‍ കീസിന് ഒരവസരവും നല്‍കാതെയാണ് അവര്‍ ജേതാവായത്. 30ലേറെ പിഴവുകളാണ് കീസ് വരുത്തിയത്. അതേസമയം സ്റ്റീഫന്‍സ് ആകട്ടെ ആറു പിഴവുകള്‍ മാത്രമാണ് വരുത്തിയത്. വിന്നേഴ്സുകളുടെ കാര്യത്തില്‍ കീസാണു മുന്നില്‍; 18. സ്ലൊവാൻ 10 വിന്നേഴ്സുകള്‍ പായിച്ചു.
2002ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനലില്‍ പോരടിച്ചശേഷം ഇതാദ്യമായാണ് അമേരിക്കക്കാര്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. സ്റ്റീഫന്‍സിന്റെയും കീസിന്റെയും ആദ്യ ഗ്രാന്സ്ലാം ഫൈനലായിരുന്നു ഇത്.
ഇടതു കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് 11 മാസം ടെന്നീസില്‍നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്. സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് സെമി ഫൈനലില്‍ ഏഴു ഗ്രാന്സ്ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചു. ജൂലൈയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957-ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിക്കുകയും കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്സിലും ഫൈനലിലെത്തുകയും ചെയ്തതോടെയാണ് സ്റ്റീഫന്‍സ് 83-ാം റാങ്കിലേക്ക് ഉയര്‍ന്നത്.
2010 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജസ്റ്റിന് ഹെനിന് ഫൈനലിലെത്തിയശേഷം ഏറ്റവും കുറഞ്ഞ റാങ്കിംഗില്‍ ഒരു ഗ്രാന്സ്ലാം ഫൈനലിലെത്തിയ ആദ്യ താരമാണ് സ്റ്റീഫന്‍സ്. കഴിഞ്ഞ പത്തുമാസത്തിനിടെ രണ്ടു തവണ ഇടതു കൈക്കുഴയ്ക്കു സര്‍ജറി നടത്തേണ്ടിവന്ന 15-ാം സീഡ് മാഡിസണ്‍ കീസാകട്ടെ 20-ാം സീഡ് അമേരിക്കയുടെതന്നെ കൊക്കോ വാന്ഡെവെഗയെ 6-1, 6-2ന് കീഴടക്കിയായിരുന്നു ഫൈനലിനെത്തിയത്.
ഇതിനു മുമ്പ് 2015ലെ മയാമി മാസ്റ്റേറ്റഴ്സില് ഏറ്റുമുട്ടിയപ്പോള്‍ സ്റ്റീഫന്‍സ് ജയിച്ചിരുന്നു. ഇരുവരും ഇതുവരെ 17 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 15ലും വിജയം സ്ലൊവാനൊക്കൊപ്പം നിന്നു. 2002ല്‍ ജന്നിഫര്‍ കപ്രിയാറ്റി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം സെറീനയും വീനസുമല്ലാതെ മറ്റൊരു അമേരിക്കന്‍ താരത്തിന് ഗ്രാന്സ്ലാമൊന്നും ലഭിച്ചിരുന്നില്ല. ആ പരാതിയാണ് സ്റ്റീഫന്‍സിന്റെ നേട്ടത്തോടെ ഇല്ലാതാകുന്നത്.