മരട്: മരടിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ കൂറ്റൻ സ്ലാബിനടിയിൽ ജീവനുവേണ്ടി പിടയുന്നത് കരൾ പിളർക്കുന്ന കാഴ്ചയായി.
സ്ലാബിനടിയിൽ കുടുങ്ങിപ്പോയവരെ പുറത്തേക്കെടുക്കാൻ 25 ഓളം ആളുകൾ കിണഞ്ഞു ശ്രമിച്ചിട്ടും അല്പം പോലും സ്ലാബ് ഉയർത്താൻ സാധിക്കാതെ മനുഷ്യാധ്വാനം വിഫലമാകുന്നത് ദയനീയ കാഴ്ചയായിരുന്നു.
ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇരുനിലക്കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ താഴെ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍ നായ്ക് (37), ശങ്കര്‍ വിശ്വനായക് (25) എന്നിവരുടെ മുകളിലേക്ക് വലിയ സ്ലാബ് വന്ന് പതിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരുടെ കരച്ചില്‍കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ അവിടേക്കെത്തിയത്.
സഹപ്രവർത്തകർ സ്ലാബിനടിയിൽപ്പെട്ടത് ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് മനസിലായില്ലെങ്കിലും സ്ലാബ് ചൂണ്ടിക്കാട്ടി കരഞ്ഞതോടെ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടി.
അവിടെയുണ്ടായിരുന്ന 15 ഓളം പേർ കിണഞ്ഞു ശ്രമിച്ചിട്ടും സ്ലാബ് ഉയര്‍ത്താന്‍ സാധിച്ചില്ല. സമീപത്തെ ചുമട്ടുതൊഴിലാളികള്‍ കയറുമായി എത്തിയതോടെ ആളെണ്ണം 25 ആയെങ്കിലും ഒരടിപോലും ഉയര്‍ത്താന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തകര്‍ വിഷമിച്ചു.
സ്ലാബിനടിയില്‍പ്പെട്ടു കിടക്കുന്ന രണ്ടുപേര്‍ക്കും അപ്പോള്‍ ചെറിയ അനക്കമുണ്ടായിരുന്നു.
തങ്ങളുടെ സുഹൃത്തുക്കളെ എത്രയും വേഗം രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് മറ്റു മൂന്നുപേരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ശ്രമകരമായതോടെ കൂടെയുണ്ടായിരുന്നയാള്‍ റോഡിലൂടെ പോയ ടിപ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി അതിന്റെ ജാക്കി വാങ്ങിക്കൊണ്ടു വന്ന് സ്ലാബിനടിയില്‍ വച്ച് കുറച്ച് ഉയര്‍ത്തിയതോടെയാണ് ഒരാളെ പുറത്തെടുക്കാനായത്.
പിന്നീട് ഫയര്‍ഫോഴ്സെത്തി സ്ലാബ് പൂര്‍ണമായും ഉയര്‍ത്തിയാണ് രണ്ടാമത്തെയാളെ പുറത്തെടുത്തത്.
പഴയ കെട്ടിടം പൊളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മതിയായ മുന്‍കരുതലോ സുരക്ഷാ സംവിധാനങ്ങളോ തയാറാക്കാതെ തികച്ചും അശാസ്ത്രീയ രീതിയിലായിരുന്നു കെട്ടിടം പൊളിച്ചതെന്ന് ആക്ഷേപമുണ്ട്.