രാത്രിയിൽ തലചായ്ക്കാൻ ശവക്കല്ലറ തുറക്കുവാൻ വിധിക്കപ്പെട്ടവർ. കേട്ടിട്ട് സംശയം തോന്നുന്നുവെങ്കിൽ അത് വേണ്ട. സത്യമാണ്. സ്വന്തമായി വീടില്ലാത്തതിനാൽ ശവപ്പറന്പിൽ അന്തിയുറങ്ങുന്ന കുറേയധികം ആളുകളുണ്ട് ഇറാനിലെ ടെഹ്റാനിൽ.
ടെഹ്റാന്റെ പടിഞ്ഞാറ് മുപ്പത് കിലോമീറ്റർ മാറി ഷെഹ്റിയാർ എന്ന പ്രദേശത്തെ സിമിത്തേരിയിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഷഹ്റ്വാന്ദ് എന്ന പത്രമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഭവനരഹിതരായ ഏകദേശം അന്പതോളം ആളുകളാണ് ശവക്കല്ലറ തുറന്ന് രാത്രിയിൽ അതിനുള്ളിൽ ഉറങ്ങുന്നത്.
സംഭവം പുറത്തുവന്നതോടെ ഇറാൻ പ്രസിഡന്റ് ഉൾപ്പടെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഭവന രഹിതരുടെ പ്രശ്നപരിഹാരത്തിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഏകദേശം പത്തുവർഷങ്ങളായി അവർ ശവക്കല്ലറയിൽ താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇറാനിയൻ സർക്കാരിന്റെ ഒൗദ്യോഗിക കണക്കനുസരിച്ച് ടെഹ്റനിൽ മാത്രം 15,000 ആളുകൾ ഭവനരഹിതരാണ്.