കൊല്ലം: അടുത്ത വർഷം മുതൽ 15 ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച ശേഷം പകരം ജനറൽ കോച്ചുകൾ ഏർപ്പെടുത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം വിവാദത്തിൽ. കേരളം വഴി കടന്നുപോകുന്ന ആറ് ട്രെയിനുകളിൽ അടക്കമാണ് ഇങ്ങനെയൊരു മാറ്റം വരുത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്.
രാവും പകലും സർവീസ് നടത്തുന്ന ഈ ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യുന്ന ദീർഘദൂര യാത്രികരെ ഇത് ഏറെ പ്രതികൂലമായി ബാധിക്കും എന്ന കാര്യം ഉറപ്പാണ്. പലരും കുടുംബ സമേതമാണ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നത്. റെയിൽവേയുടെ തീരുമാനം 2025 ജനുവരി രണ്ടാമത്തെ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതോടെ ഈ ട്രെയിനുകളിൽ 75 മുതൽ 150 വരെ ബർത്തുകളുടെ എണ്ണം കുറയും. ഇത് സ്ലീപ്പർ ടിക്കറ്റ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ്.
ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ-മധുര അമൃത എക്സ്പ്രസ് എന്നിവയിൽ ഒരു സ്ലീപ്പർ കോച്ച് കുറച്ചിട്ട് പകരം ഒരു ജനറൽ കോച്ചാണ് ഏർപ്പെടുത്തുക. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ ഒഴിവാക്കും. പകരം രണ്ട് ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും.
എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്, പുതുച്ചേരി- മംഗളുരു സെൻട്രൽ എക്സ്പ്രസ്, ചെന്നൈ-സെൻട്രൽ പാലക്കാട് സൂപ്പർ ഫാസ്റ്റ് എന്നിവയിലും ഒരു സ്ലീപ്പർ കോച്ച് കുറച്ച ശേഷം ഒരു ജനറൽ കമ്പാർട്ട്മെൻ്റ് ഉൾക്കൊള്ളിക്കും. റെയിൽവേയുടെ ഈ തീരുമാനത്തിന് ഗുണവും ദോഷവും ഉണ്ട്. കൂടുതൽ ജനറൽ കോച്ചുകൾ ഉൾപ്പെടുത്തുന്നത് സാധാരണക്കാരായ ഹ്രസ്വദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്.
ഇപ്പോൾ ഭൂരിഭാഗം ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിലും പരമാവധി സെക്കൻഡ് ക്ലാസ് കോച്ചുകളുടെ എണ്ണം രണ്ടാണ്. ഇതിൽ ഒരെണ്ണം മിക്കപ്പോഴും അംഗ പരിമിതർക്കും സ്ത്രീകൾക്കുമായി സംവരണം ചെയ്തവയായിരിക്കും. കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
എന്നാൽ സൂപ്പർ ഫാസ്റ്റ് അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറയ്ക്കുന്നത് നീതികരിക്കാനാവില്ല. ഇത് റെയിൽവേയുടെ നിലവിലെ പ്രഖ്യാപിത നയത്തിന് എതിരുമാണ്. യാത്രാക്ലേശം പരിഹരിക്കുന്നതിന് ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.
മാത്രമല്ല ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ 10,000 സെക്കൻ്റ് ക്ലാസ് കോച്ചുകൾ നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സ്ലീപ്പർ കോച്ചുകൾ കുറച്ചായിരിക്കും ജനറൽ കോച്ചുകൾ കൂട്ടുക എന്ന കാര്യം മന്ത്രി സൂചിപ്പിച്ചതുമില്ല. റെയിൽവേയുടെ ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഈ 15 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണത്തിൽ വർധനയൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം.
സ്ലീപ്പർ കോച്ചുകൾ നിലനിർത്തി തന്നെ ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് ഇ-മെയിൽ സന്ദേശത്തിലൂടെ നിവേദനം നൽകി.
എസ്.ആർ. സുധീർ കുമാർ