നിലത്തു കിടന്നുറങ്ങിയ ആറ് ജീവനക്കാരെ റയാൻ എയർ വിമാന കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഇവർ ആറു പേരും നിലത്ത് കിടന്നുറങ്ങിയത് കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കമ്പനി നടപടി സ്വീകരിച്ചത്.
ഒക്ടോബർ 14ന് പോർച്ചുഗല്ലിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാർക്ക് മലാഗ എയർപോർട്ടിൽ തങ്ങേണ്ടി വന്നിരുന്നു. കൂടുതൽ സൗകര്യങ്ങൾ ലഭിക്കാതിരുന്ന ആറ് ജീവനക്കാർ പിന്നീട് നിലത്ത് കിടന്ന് ഉറങ്ങി. ഈ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനെ തുടർന്ന് റയാൻ എയർ കമ്പനി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
കമ്പനിക്കെതിരെ വിമാന ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാൽ ജീവനക്കാർ അൽപ്പ സമയം മാത്രമാണ് നിലത്ത് കിടന്നതെന്നും ഉടൻ തന്നെ അവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും കമ്പനി അധികൃതർ സംഭവത്തിന് വിശദീകരണം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് അധികൃതർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങൾ കമ്പനിക്ക് അപമാനമുണ്ടാക്കിയെന്നും ആറ് ജീവനക്കാരുടെ പ്രവർത്തി മൂലം കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടായെന്നും അതിനാലാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്ന് റയാൻ എയർ അധികൃതർ വ്യക്തമാക്കി.