ഏതാനും മണിക്കൂർ; ഒരു നദിയെ കാണാതായി! ആളുകളും വസ്തുക്കളുമൊക്കെ കാണാതായതിനെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്. പക്ഷേ ഒരു നദിയെ കാണാതായാലോ? അതും കിലോമീറ്ററുകളോളം നീളംവരുന്ന, കുതിച്ചൊഴുകിയിരുന്ന ഒരു നദി? കാനഡയിലാണ് അതിവിചിത്രമായൊരു സംഭവം നടന്നത്.
കാനഡയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ യുക്കോണിലൂടെ കഴിഞ്ഞ 300 വര്‍ഷമായി ഒഴുകിക്കൊണ്ടിരുന്ന സ്ലിംസ് നദിയാണ് ഒരുദിവസം അപ്രത്യക്ഷമായത്.
2017ന്റെ ആരംഭത്തില്‍ സ്ലിംസ് നദീതടത്തിലേക്കു പര്യവേഷണത്തിനായി എത്തിയ ടക്കോമ സര്‍വകലാശാലയിലെ ജിയോളജിസ്റ്റുകളുടെ ഒരു സംഘമാണ് നദി അപ്രത്യക്ഷമായ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
ടക്കോമയിലെ ജിയോളജിസ്റ്റുകള്‍ സ്ലിംസിന്റെ തീരത്ത് എത്തിയപ്പോള്‍ നദിയില്‍ ഒരു തുള്ളി വെള്ളംപോലും ഉണ്ടായിരുന്നില്ല. സാധാരണഗതയില്‍ ഒരു നദി ഇല്ലാതാവുകയാണെങ്കില്‍ തന്നെ അതു കാലക്രമേണയേ സംഭവിക്കുകയുള്ളു.
പക്ഷേ 1,575 അടി വീതിയില്‍ ശക്തമായി ഒഴുകിയിരുന്ന സ്ലിംസ് ഇല്ലാതായത് വെറും നാലു ദിവസംകൊണ്ടാണ്. സ്ലിംസ് എവിടെപ്പോയി?സ്ലിംസിന്റെ പ്രഭവഭാഗത്തു ചെറിയൊരു തടാകം മാത്രമാണ് ജിയോളജിസ്റ്റുകള്ക്കു കണ്ടെത്താന്‍ കഴിഞ്ഞത്.
വൈകാതെതന്നെ അവര്‍ നദിയുടെ തിരോധാനത്തെപ്പറ്റി പഠനവും ആരംഭിച്ചു. പ്രശ്നത്തിന്റെ ഉറവിടം കണ്ടെത്താനായി അവര്‍ ഹെലികോപ്റ്ററില്‍ പ്രദേശമാകെ ചുറ്റി സഞ്ചരിച്ചു.കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളായി, സ്ലിംസ് നദിയെ പരിപോഷിപ്പിച്ചിരുന്നതു കസ്കാവുള്‍ഷ് എന്ന ഭീമന് മഞ്ഞുമലയാണ്.
എന്നാല്‍, വര്‍ധിച്ചുവരുന്ന ആഗോള താപനം നിമിത്തം കസ്കാവുള്‍ഷ് ഹിമാനി ചുരുങ്ങുകയും മറ്റൊരു ദിശയിലേക്കു കസ്കാവുള്‍ഷ് മഞ്ഞുമലയുടെ ഉള്ളിലൂടെ ദ്വാരം ഉണ്ടാകുകയും ചെയ്തു.
സ്ലിംസ് നദിയിലൂടെ ഒഴുകിയിരുന്ന വെള്ളം ഈ വലിയ ദ്വാരത്തിലൂടെ കസ്കാവുള്‍ഷ് നദിയിലേക്ക് ഒഴുകുന്നുണ്ടെന്നും കണ്ടെത്തി. ‘റിവര്‍ പൈറസി’ അല്ലെങ്കില്‍ ‘സ്ട്രീം ക്യാപ്ചര്‍’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് സ്ലിംസ് നദിയുടെ അന്ത്യത്തിനു കാരണമായത്.
ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യമാണ് സ്ലിംസിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു നദിയില്‍ നിന്നുള്ള വെള്ളം തൊട്ടടുത്ത നദിയുടെ ജലപാതയിലേക്ക് ഒഴുകുന്ന പ്രക്രിയയാണ് ഇവിടെ സംഭവിച്ചത്.
ടെക്റ്റോണിക് ചലനങ്ങള്‍, മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, മഞ്ഞുമലയുടെ തകര്‍ച്ച തുടങ്ങിയവ കാരണം ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കാം. പക്ഷേ ഇതിനു നൂറ് മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ സമയമെടുക്കും.
പക്ഷേ സ്ലിംസിന്റെ കാര്യത്തില്‍ അതു വെറും നാല് ദിവസംകൊണ്ടാണ് സംഭവിച്ചത്. ഭൗമശാസ്ത്രജ്ഞന്മാരുടെ കണക്കുകള്‍ പ്രകാരം 2016 മേയ് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് സ്ലിംസ് നദി അന്ത്യശ്വാസം വലിച്ചത്.
നദികൾ കാണാതാകുമോ?കാലാവസ്ഥാമാറ്റം ഭൂമിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞന്മാര് വിലയിരുത്തുന്നത്.
കാനഡയുടെ ഉള്‍പ്രദേശത്താണ് ഇത് സംഭവിച്ചത് എന്നുള്ളതുകൊണ്ട് തന്നെ മനുഷ്യര്‍ക്ക് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായില്ല. പക്ഷേ സ്ലിംസ് നദിയെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥ പൂര്‍ണമായി തകര്‍ന്നു. അതുപോലെ കസ്കാവുള്‍ഷ് നദിയിലേക്ക് അമിതമായി ജലമെത്തിയതിനാല് അവിടെയും മാറ്റങ്ങള്‍ സംഭവിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സ്ലിംസ് നദിക്കുണ്ടായ വിധി കൂറ്റന്‍ മഞ്ഞുപര്വതങ്ങളില്നിന്ന് ഉത്ഭവിക്കുന്ന മറ്റു നദികള്‍ക്കും വന്നുചേര്‍ന്നേക്കാം.