നമുക്ക് പ്രിയപ്പെട്ടവരുടെ വസ്തുക്കൾ കാലമെത്ര കടന്നായാലും സൂക്ഷിച്ച് വയ്ക്കുക ഒരു കൗതുകമേറിയ കാര്യം തന്നെയാണ്. ചിലരാകട്ടെ ഇഷ്ടപ്പെട്ട ആളുകളുടെ വസ്തുക്കൾക്ക് കയ്യിൽ വയ്ക്കാൻ എന്ത് വില വരെക്കൊടുക്കാൻ തയാറാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
1939 -ൽ ഇറങ്ങിയ പ്രശസ്തമായ ചിത്രമാണ് ‘വിസെഡ് ഒവ് ഒസ്’. വിക്റ്റർ ഫ്ലെമിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിലെ നായിക ജൂഡി ഗാർലൻഡ് ധരിച്ച ഒരു ജോടി ‘റൂബി സ്ലിപ്പറു’കൾ ലേലത്തിൽ പോയി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. 28 മില്യൺ ഡോളർ അതായത് 237 കോടിക്കാണ് സ്ലിപ്പർ ലേലത്തിൽ വിറ്റിരിക്കുന്നത്.
ദൊറോത്തി എന്ന കഥാപാത്രത്തെയാണ് ജൂഡി ഗാർലൻഡ് അവതരിപ്പിച്ചത്. നായിക ധരിച്ച ഈ സ്ലിപ്പർ 20 വർഷം മുമ്പ് മോഷണം പോയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും അത് കണ്ടെടുക്കുകയായിരുന്നു. മോഷണ വാർത്തയും അന്ന് ഏറെ ചർച്ചയായ സംഭവം ആയിരുന്നു.
800 -ലധികം ആളുകളാണ് ലേലത്തിൽ പങ്കെടുത്തത്. മൂന്ന് മില്യൺ ഡോളറോ അതിന് മുകളിലോ ആണ് ആദ്യം സ്ലിപ്പറുകൾക്ക് വില ഇട്ടിരുന്നത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വില കുത്തനെ ഉയരുകയായിരുന്നു.