കോട്ടയം: നഗരസഭ കോടിമതയിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക സ്ലോട്ടർ ഹൗസ് തുറക്കാൻ വൈകുന്നു. കെട്ടിട നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. ഏതാനും ചില ഉപകരണങ്ങൾ എത്താനുണ്ടെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം. കോടിമത സസ്യമാർക്കറ്റിനോട് ചേർന്നാണ് പുതിയ സ്ലോട്ടർ ഹൗസ് നിർമിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണ സംവിധാനങ്ങൾ അടക്കമുണ്ട് ഇവിടെ. എന്നിട്ടും സ്ലോട്ടർ ഹൗസ് തുറക്കാനുള്ള നടപടികൾ വൈകുകയാണ്. പഴയ സ്ലോട്ടർ ഹൗസ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കടകൾ നിർത്തലാക്കി. ഇപ്പോൾ ഇറച്ചി വ്യാപാരത്തിന് നഗരത്തിൽ ആർക്കും ലൈസൻസ് നല്കിയിട്ടില്ല.
ഇറച്ചി വെട്ടാനുള്ള അനുമതിയില്ലാത്തതിനാൽ ഇറച്ചിക്കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. മുൻപ് സ്ലോട്ടർ ഹൗസും ഇറച്ചിക്കടകളും മത്സ്യ മാർക്കറ്റും ഉണക്കമീൻ മാർക്കറ്റുമെല്ലാം ഒരു സ്ഥലത്തായിരുന്നു. ആദ്യം മത്സ്യമാർക്കറ്റ് കോടിമതയിലേക്ക് മാറ്റി. പിന്നീട് ഉണക്കമീൻ സ്റ്റാളുകളും കോടിമതയിലേക്ക് മാറ്റി.
ഇനി സ്ലോട്ടർ ഹൗസും ഇറച്ചിക്കടകളും കോടിമതയിലേക്ക് മാറ്റിയാൽ എല്ലാ മാർക്കറ്റുകളും കോടിമതയിലാകും. അതേസമയം, സ്ലോട്ടർ ഹൗസ് ഉടൻ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോട്ടയം ഈസ്റ്റ് വികസനസമിതി ആവശ്യപ്പെട്ടു. ഡോ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു.