ഫ്ലോറിഡ: മയാമി ഓപ്പൺ ചാമ്പ്യൻ സ്ലോൺ സ്റ്റീഫൻസ് വനിതാ റാങ്കിംഗിൽ ആദ്യ പത്തിൽ കടന്നു. കരിയറിൽ ആദ്യമായാണ് സ്റ്റീഫൻസ് ആദ്യ പത്തിൽ കടക്കുന്നത്. മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സ്റ്റീഫൻസ് ഒമ്പതാം റാങ്കാണ് സ്വന്തമാക്കിയത്. പെട്ര ക്വിറ്റോവ, കെർബർ, ഡാരിയ കസാത്കിന എന്നിവരെ മറികടന്നാണ് സ്റ്റീഫൻസ് ഒമ്പതിലേക്ക് കുതിച്ചെത്തിയത്.
സിമോണ ഹാലപ്പാണ് പുതിയ റാങ്കിംഗിലും ഒന്നാമത്. വോസ്നിയാക്കി രണ്ടാമതും മുഗുരുസ മൂന്നാം സ്ഥാനത്തുമാണ്. മയാമി ഓപ്പൺ കിരീടമാണ് സ്റ്റീഫൻസിനെ റാങ്കിംഗിൽ കുതിപ്പ് നടത്താൻ സഹായിച്ചത്.
ജലീന ഒസ്റ്റാപെങ്കോയെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻസ് മയാമിയിൽ കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. സ്കോർ: 7-6 (7-5), 6-1.