ലോകത്തെ എല്ലാ നഗരങ്ങളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഉത്തരചൈനയിലെ ഷിയാൻ സിറ്റിയിലെ നടപ്പാത അല്പം വ്യത്യസ്തമാണ്. സ്മാർട്ട്ഫോണിൽ കണ്ണുനട്ട് നടക്കുന്നവർക്കുവേണ്ടിയുള്ളതാണ് ഈ പാത.
നൂറു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള പാതയിൽ സ്മാർട്ട്ഫോൺ ഇക്കൂട്ടർക്കു മാത്രമേ നടക്കാൻ അനുമതിയുള്ളൂ. പാതയിൽ സ്മാർട്ട്ഫോൺ അടിമകൾക്കു മാത്രം എന്ന അറിയിപ്പും എഴുതിയിട്ടുണ്ട്.
മറ്റു പാതകളിൽനിന്നു തിരിച്ചറിയുന്നതിനായി പച്ച നിറമാണ് ഈ നടപ്പാതയ്ക്ക് നല്കിയിട്ടുള്ളത്. ഷോപ്പിംഗ് മാളിന്റെ മുന്നിലാണ് ഈ പാത. അതിനാൽത്തന്നെ ഈ നടപ്പാതയിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പ്രത്യേകം സെക്യൂരിറ്റി ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം മറ്റു നടപ്പാതകളിലൂടെ നടക്കുന്നവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കുമുണ്ട്.
ചൈനയിൽ അടുത്തകാലത്ത് റോഡുകളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഇതാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണം. കഴിഞ്ഞ വർഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കൊച്ചുകുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചിരുന്നു.
സ്മാർട്ട്ഫോണിൽ മുഴുകിയിരുന്നതിനാൽ അമ്മ കുട്ടിയെ ശ്രദ്ധിച്ചില്ല. ഇതാണ് അപകടത്തിനു കാരണം. ഇത് സോഷ്യയൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.