പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ കളിയാക്കലുകൾ ഏൽക്കേണ്ടിവന്ന ക്വാഡൻ എന്ന ഒമ്പതുവയസുകാരന്റെ നൊന്പരം ലോകം നെഞ്ചിലേറ്റിയത് നാം കണ്ടതാണ്.
അന്ന് ക്വാഡനെ ആശ്വസിപ്പിക്കാൻ സിനിമതാരം പക്രൂ ഉൾപ്പെടെയുള്ളവർ രംഗത്ത്് എത്തിയിരുന്നു.
പൊക്കമില്ലാത്ത ഒരാൾകൂടി ഇന്നിത വാർത്തകളിൽ നിറയുകയാണ്. യുകെയിൽ നിന്നുള്ള ഫ്രാങ്ക് ഫെയ്ക്ക് ഹാഷെമാണ് വാർത്തകളിലെ താരം.
ലോകത്തിലെ ഏറ്റവും ചെറിയ ബസ് ഡ്രൈവർ എന്ന ബഹുമതി നേടിയിരിക്കുകയാണ് ഫ്രാങ്ക്. 2021ലെ ലോക ഗിന്നസ് റിക്കാർഡിലാണ് ഫ്രാങ്ക് ഇടംനേടിയിരിക്കുന്നത്.
വെറും 4 അടി 5.6 ഇഞ്ച് ഉയരം മാത്രമേ ഫ്രാങ്കിന് ഉള്ളൂ. സീറ്റ് മുന്നോട്ട് നീക്കി, സ്റ്റീയറിംഗ് ക്രമീകരിച്ചാണ് ഫ്രാങ്കിന്റെ ബസ് ഡ്രൈവിംഗ്.
ഉയരം കുറവായതിനാൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഫ്രാങ്ക് പറയുന്നു. പക്ഷെ താനൊരു പോരാളിയാണ്. ഒരു സാധാരണ മനുഷ്യനായിട്ടാണ് സ്വയം താൻ കാണുന്നതെന്നും ഫ്രാങ്ക് പറയുന്നു. രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഫ്രാങ്ക്.
താൻ ചെയ്യുന്ന കാര്യങ്ങളിൽ കുടുംബം വളരെ ആവേശത്തിലാണെന്നും തന്നെക്കുറിച്ച് അവർക്ക് വളരെ അഭിമാനമുണ്ടെന്നും അദേഹം പറഞ്ഞു. വാർവിക് ഡേവിസ്, സ്റ്റീഫൻ ഹോക്കിംഗ് എന്നിവരാണ് എന്നെ പ്രചോദിപ്പിച്ച രണ്ടുപേർ.
ഇവർ രണ്ടു പേരും ഈ ലോകത്തിന് വളരെയധികം സംഭാവനകൾ നൽകിയവരാണ്. – ഫ്രാങ്ക് തന്റെ ഹിറോകളെക്കുറിച്ച് പറഞ്ഞു.