പത്തനംതിട്ട: നാല്പതുദിവസത്തെ ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം. അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള് പത്തനംതിട്ട ജില്ലയുടെ കിഴക്കന് മേഖലയില് ഉരുള്പൊട്ടലും മണ്ണിടിച്ചിലും.
വെള്ളമൊഴുക്ക് ശക്തമായതിനു പിന്നാലെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്പ, കക്കാട്ടാറുകളില് ജലനിരപ്പും വര്ധിച്ചു.
ഗവി വനമേഖലയില് കനത്ത മഴയേ തുടര്ന്ന് ഉള്വനത്തിലും മൂഴിയാറില് സായിപ്പിന്കുഴിയിലുമാണ് ചെറിയ ഉരുള്പ്പൊട്ടലുകളുണ്ടായത്.
മലവെള്ളപ്പാച്ചിലില് മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര് ഡാം രാത്രിയില് തന്നെ തുറന്നു. നേരത്തെ ശബരിഗിരിയില് ഉത്പാദനം വര്ധിപ്പിച്ച് മൂഴിയാര് ഡാമില് വെള്ളം നിറച്ചിരുന്നു.
ഇന്നു നടക്കുന്ന ആറന്മുള ജലോത്സവത്തിനായി വെള്ളം തുറന്നുവിടേണ്ട സാഹചര്യത്തിലാണ് മൂഴിയാറിലേക്ക് ജലനിരപ്പ് ഉയര്ത്തിയത്. മൂഴിയാറില് നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല് പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി.
മണിയാര് ഡാമിന്റെ മൂന്നു ഷട്ടറുകള് 30 സെന്റി മീറ്റര് വീതം പിന്നീട് ഉയര്ത്തി. ആറന്മുള വള്ളംകളിക്കായി മണിയാര് ബാരേജില് വെള്ളം സംഭരിച്ചു വച്ചിരുന്നതിനാല് കാര്ബറാണ്ടത്തിലെ വൈദ്യുതോത്പാദനം നിര്ത്തി വച്ചിരുന്നതാണ് പുനഃരാരംഭിച്ചത്.
കനത്ത മഴയിലും കാറ്റിലും പത്തനംതിട്ട-ഗവി റോഡില് മണ്ണിടിച്ചിലും മരം വീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗവി റൂട്ടില് അപ്പര് മൂഴിയാര്, 40 ഏക്കര്, കക്കി എന്നിവടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്.
ആനത്തോട് അണക്കെട്ടിന്റെ വശങ്ങളില് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇത് മാറ്റിയെങ്കില് മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. ലഘു മേഘവിസ്ഫോടനമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമെന്നാണ് സൂചന.