നായയുടെ വലുപ്പമുള്ള പശു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ അയോവയിലുള്ള ഡസ്റ്റിൻ പില്ലാർഡ് എന്ന കർഷകന്റെ ഫാമിൽ ചെന്നാൽ ഇത്തരം കുഞ്ഞൻ പശുക്കൾ മേഞ്ഞു നടക്കുന്നതു കാണാം. ലോകത്താകമാനമുള്ള ചുരുക്കം ചില മൈക്രോ പശു ഉൽപാദകരിൽ ഒരാളാണ് ഡസ്റ്റിൻ പില്ലാർഡ്.
1995ൽ ഇത്തരം പശുക്കളുടെ പ്രജനനം ആരംഭിച്ച പില്ലാർഡിന്റെ ഫാമിൽ ഇപ്പോഴുള്ളത് ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളാണ്. 1992ൽ കോളജ് പഠന കാലത്താണ് പില്ലാർഡ് ആദ്യമായി മൈക്രോ പശുക്കളെ കാണുന്നത്. കൗതുകം തോന്നിയ പില്ലാർഡ് മൂന്നു വർഷം കൊണ്ട് പത്തേക്കർ വിസ്തീർണമുള്ള ഒരു ഫാം വികസിപ്പിച്ചെടുത്തു.
പിന്നീട് മൈക്രോ പശു ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പില്ലാർഡിന്റെ ഫാമിൽ നിന്ന് ഇപ്പോൾ വർഷത്തിൽ ഇരുപതിൽ കുറയാതെ കുഞ്ഞൻ പശുക്കൾ വില്ക്കപ്പെടുന്നുണ്ട്.