മുനന്പം: ചെറുമത്സ്യങ്ങളെ പിടികൂടിയതിനു കസ്റ്റഡിയിലെടുത്ത ബോട്ടുകൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രണ്ടര ലക്ഷം രൂപ വീതം പിഴ വിധിച്ചു. വ്യാഴാഴ്ച രാത്രി മുനന്പം ഹാർബറിൽ നിന്നും ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത മുനന്പം പെരുമന പി.ജി. ഗിരീഷ് എന്നയാളുടെ പുണർതം എന്ന ബോട്ടിനും പള്ളിപ്പുറം സ്വദേശി മരിയാലയം മോളി ബർണബാസിന്റെ ഇമ്മാനുവൽ എന്ന ബോട്ടിനുമാണ് പിഴ വിധിച്ചത്.
കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തതെന്ന് ഫിഷറീസ് അസി. ഡയറക്ടർ ഡോ. ജോയ്സി എബ്രഹാം അറിയിച്ചു. പരിശോധനയിൽ ഇമ്മാനുവൽ എന്ന ബോട്ടിൽ നിന്നും 110 ബോക്സ് ചെറുമത്സ്യങ്ങൾ പിടിച്ചെടുത്തു.
ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മുനന്പം ഹാർബറിൽവച്ച് പരസ്യമായി ലേലം ചെയ്യുകയും ലേലതുകയായ 10100 രൂപ സർക്കാരിലേക്ക് അടക്കുകയും ചെയ്തു. പുണർതം എന്ന ബോട്ടിൽ 40 ബോക്സ് ചെറുമത്സ്യങ്ങളാണ് കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമായ വലിയ മത്സ്യങ്ങൾ ഇതിൽ ഉണ്ടായിരുന്നില്ല. മറൈൻ എൻഫോഴ്സ്മെന്റ് സർക്കിൾ ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.