റഷ്യയിലെ ജൈവായുധ ലാബിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് വസൂരി വൈറസുകള്‍ പുറത്തു കടന്നെന്നു സൂചന. സൈബീരിയയിലെ കോള്‍ട്ട്സവയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലാണു കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. തുടക്കത്തില്‍ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനല്‍കാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉള്‍പ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ളത്.
മൂന്നാഴ്ച മുന്‍പാണ് റഷ്യയുടെ ആണവമിസൈല്‍ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞര്‍ മരിച്ചത്. വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്ക് മേഖലയില്‍ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നു പ്രദേശത്ത് റേഡിയേഷന് നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കിഴക്കന്‍ സൈബീരിയയിലെ ക്രാസ്നോയാസ്ക് മേഖലയില്‍ റഷ്യന്‍ ആയുധ ഡിപ്പോയില്‍ വന്‍ സ്ഫോടനമുണ്ടായതും കഴിഞ്ഞ മാസമാണ്. അതിനു പിന്നിലെ കാരണവും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. സമാനമായി വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള തീപിടിത്തത്തിന്റെ വിവരങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടാത്തതും ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടര്‍. ഇപ്പോഴും പല മാരകരോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുമുണ്ട്. 1974ല്‍ സെന്റര്‍ ഫോര്‍ വൈറോളജി ആന്‍ഡ് ബയോടെക്നോളജി എന്ന പേരിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യ നിര്‍മിച്ചതാണ് ഇന്‍സ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. അതിനാല്‍ത്തന്നെ വസൂരിക്കു കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്സ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യയാകട്ടെ ഇതു നിരാകരിച്ചിട്ടുമില്ല.
ഇവിടെ ഇപ്പോഴും ജൈവായുധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയത്തിലാണ് ലോകം. 1970കളില്‍ ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മിച്ച ചരിത്രവുമുണ്ട് റഷ്യയ്ക്ക്. ലോകത്തില്‍ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബറട്ടറികളില്‍ ഒന്ന് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 1990കളില്‍ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടല്‍ ഭീഷണി വരെ നേരിട്ടിരുന്നു. വിഷയത്തില്‍ റഷ്യന്‍ ഭരണകൂടം അടിയന്തരമായി ഇടപെടുകയും ചെയ്തു. ഗവേഷകര്‍ക്ക് തൊഴിലില്ലാതാകുന്നതോടെ അവര്‍ മറ്റു രാജ്യങ്ങളിലേക്കു പോകുമെന്നായിരുന്നു ഭയം. മാത്രവുമല്ല ലാബിലെ ബയോളജിക്കല്‍ സാംപിളുകളായ രോഗാണുക്കളെ ഇറാഖിനും ഉത്തര കൊറിയയ്ക്കുമെല്ലാം കൈമാറുമെന്ന ഭയവുമുണ്ടായിരുന്നു.
ഇത്തരത്തില്‍ ഏറെ പ്രധാന്യമുള്ളതിനാലാണു ചെറിയൊരു തീപിടിത്തമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം 13 ഫയര്‍ എന്‍ജിനുകളും 38 അഗ്നിരക്ഷാ സേനാംഗങ്ങളെയും ലാബറട്ടറി കോംപ്ലക്സിലേക്ക് അയച്ചത്. തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം ആറു നില കെട്ടിടത്തിലേക്ക് അഗ്നിരക്ഷാ സേനയെത്തുകയും ചെയ്തു. ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഞ്ചാം നിലയിലാണു തീപിടിത്തമുണ്ടായതെന്ന് റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ വൈകാതെ തന്നെ തീയണച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 30 ചതുരശ്ര മീറ്റര്‍ പ്രദേശത്താണു തീ പടര്‍ന്നത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണത്തൊഴിലാളികളില്‍ ഒരാളുടെ കാലിനു പൊള്ളലേറ്റു. പൊള്ളല്‍ മാരകമായതിനാല്‍ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് ‘മാരകമായ’ വസ്തുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ലെന്നു കോള്‍ട്ട്സവ മേയര്‍ വ്യക്തമാക്കി. അട്ടിമറിയാണോയെന്നു പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയര്‍ അറിയിച്ചു. സാനിട്ടറി ഇന്സ്പെക്ഷന് മുറിയിലെ അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്ഫോടനമുണ്ടായതെന്ന് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.
പൊതുജനാരോഗ്യത്തിനു ഹാനികരമായ പ്രശ്നങ്ങളൊന്നും സ്ഫോടനത്തെത്തുടര്‍ന്നുണ്ടായിട്ടില്ല. രോഗാണുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാരക രോഗാണുക്കളെ കെട്ടിടത്തില്‍ നിന്നു മാറ്റിയിരിക്കുകയായിരുന്നെന്നും വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോള്‍ട്ട്സവ സയന്‍സ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്നികോവ് അറിയിച്ചു. നിലവില്‍ പന്നിപ്പനി, എച്ച്ഐവി, എബോള എന്നിവയ്ക്കുള്ള വാക്സിനുകള്‍ തയാറാക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. എബോള വാക്സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു.
മനുഷ്യരാശിക്കു നേരിടേണ്ടി വന്ന ഏറ്റവും മാരക രോഗങ്ങളിലൊന്ന് എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വസൂരി 1980കളില്‍ വാക്സിനേഷനിലൂടെ പൂര്‍ണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും മടങ്ങി വന്നേക്കാമെന്ന ഭീതിയുണ്ട് ഗവേഷകര്‍ക്ക്. ജൈവായുധമായി ഇവ മടങ്ങിയെത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ത്തന്നെ വസൂരിക്കെതിരെയുള്ള മരുന്നുകളെപ്പറ്റി ഇപ്പോഴും പരീക്ഷണം തുടരുകയാണ്.
വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടല്ലാതെ അറ്റ്ലാന്റയിലെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍സിലാണ് വസൂരിയുടെ സജീവമായ വരിയോള വൈറസുകള്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഗവേഷണത്തിന്റെ ഭാഗമായുള്ള ഉപയോഗത്തിനാണ് രാജ്യാന്തരതലത്തില്‍ അംഗീകരിച്ച് യുഎസ്, റഷ്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളില്‍ വസൂരി വൈറസിനെ സൂക്ഷിച്ചത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പക്ഷേ വൈകാതെ തന്നെ പക്കലുള്ള അണുക്കളെ നശിപ്പിക്കുകയോ കൈമാറുകയോ ചെയ്തു. യുഎസിലും റഷ്യയിലും ഇവയിപ്പോഴും സജീവമാണു താനും. വസൂരിക്കെതിരെ കണ്ടെത്തിയ ആദ്യത്തെ മരുന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് അംഗീകരിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് രോഗാണുക്കളെ സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഇവ പുറത്തു കടക്കാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.