സ്വന്തം ലേഖകന്‍
കൊച്ചി: മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും പോലീസിനെ വട്ടം കറക്കുന്നു.
സനുമോഹന് കുട്ടിയെ കൊന്നിട്ടു സ്ഥലം വിട്ടോ അതോ ക്വട്ടേഷന്‍ സംഘങ്ങള്‍ സനുമോഹനോടുള്ള പ്രതികാരം തീര്‍ക്കാന്‍ വൈഗയെ കൊന്നുവെന്ന സംശയം ബലപ്പെടുന്നു.
ഇതിനു പിന്നില്‍ സനുമോഹന്റെ പ്ലാന്‍ മാത്രമാണോ എന്ന ചോദ്യത്തിനു ഉത്തരം തേടിയാണ് പോലീസ് പായുന്നത്. ഒരു തുമ്പും കിട്ടാതെ പോലീസ് വലയുകയാണ്.
തമിഴ്നാട്ടിലും മലപ്പുറത്തും പാലക്കാട്ടുമൊക്കെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ല.
സനുമോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
സനുമോഹന് തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കാണാതാകുന്നതിനു മുമ്പുതന്നെ ഇയാള്‍ തന്റെ ഫോണ്‍ ഒഴിവാക്കിയതും മറ്റു ഫോണുകള്‍ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിംഗിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.
ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു.
പുനെയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നില്ല.
എന്നാല്‍ അടുത്തിടെ ഓണത്തിനുള്‍പ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാള്‍ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
വൈഗയെ സിനിമ-പരസ്യ മേഖലകളില്‍ എത്തിക്കാന്‍ സനു മോഹന്‍ താത്പര്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
ഇയാള്‍ മനഃപൂര്‍വം മകളെ അപായപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വൈഗയുടെ മരണവും സനുമോഹന്റെ തിരോധാനവും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് രംഗത്തു വരും.
ഇതു സംബന്ധിച്ചു ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ അന്വേഷണസംഘവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു.
ക്വട്ടേഷന്‍ സംഘങ്ങളിലേക്ക്
കൊച്ചിയില്‍ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സനുമോഹനെ തട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അത്തരമൊരു അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നത്.
സനുവിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലും ഈ അന്വേഷണത്തിന് പ്രേരണയായി. സാമ്പത്തിക തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിക്കാന്‍ സഹായിക്കുന്ന മധ്യസ്ഥര്‍ എന്ന നിലയില്‍ മുന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ചിലര്‍ കൊച്ചിയില്‍ സജീവമാണ്.
ലഹരിമരുന്ന് ഇടപാട് മുതല്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങളില്‍ വരെ ഇടപെടുന്ന ഇക്കൂട്ടരില്‍ ചിലരുടെ പേരുകളാണ് പോലീസ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൊച്ചിയിലേയോ പുനെയിലെയോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വന്‍തുക കിട്ടാനുള്ള ആരെങ്കിലും സനുവിനെ പിടികൂടി തങ്ങളുടെ അടുത്തെത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കാമെന്ന ബന്ധുക്കളില്‍ ചിലരുടെ നിഗമനം തള്ളിക്കളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അഞ്ചു വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ സനു താമസിക്കുന്ന വിവരം മാതാപിതാക്കളോ സഹോദരനോ അറിഞ്ഞിരുന്നില്ലെന്നതു ഗൗരവത്തിലെടുത്താണ് പോലീസിന്റെ നീക്കം. സനുമോഹനു സാമ്പത്തിക ബാധ്യതയുണ്ടെന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്കു തര്‍ക്കമില്ല.
ഭാര്യയ്ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പോലും അറിയാത്ത ഭൂസ്വത്തോ നിക്ഷേപമോ സനുവിനു കണ്ടേക്കാമെന്നും പണം കിട്ടാനുള്ളവര്‍ ഇതു ലക്ഷ്യമാക്കി സനുവിനെ തടങ്കലില്‍ ആക്കിയേക്കാമെന്നും ആദ്യം മുതലേ സനുവിന്റെ ചില സുഹൃത്തുക്കള്‍ പോലീസിനു സൂചന നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബാങ്ക് അക്കൗണ്ട് സനു തുറന്നിട്ടുണ്ടോ എന്നറിയാന്‍ പുതുതലമുറ ബാങ്കുകളില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയത്.
കേരളത്തില്‍ എവിടെയെങ്കിലും സനുവിന്റെ പേരില്‍ ഭൂസ്വത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സനുവിനു മറ്റൊരു കുടുംബം?
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ് സനുമോഹനു മറ്റൊരു ഭാര്യയും കുടുംബവുമുണ്ടെന്ന കാര്യം. എന്നാല്‍ അന്വേഷണസംഘം ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
തമിഴ്നാട്ടിലാണ് മറ്റൊരു കുടുംബമുണ്ടെന്ന പ്രചാരണം ശക്തമായി വന്നിരുന്നു.
ഇതു സംബന്ധിച്ചു വാര്‍ത്തകളും വന്നിരുന്നു. സനുവിന്റെ തമിഴ്നാട്ടിലെ ബന്ധങ്ങള്‍ വളരെ വലുതാണ്.
ഇയാളുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവിലേക്ക് വഴിയൊരുക്കിയത്.
ഭര്‍ത്താവ് കഴിഞ്ഞ കുറേക്കാലമായി എന്തൊക്കെയോ മറയ്ക്കുന്നതായി തോന്നിയിരുന്നതായി സനുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സനുവിന്റെ രീതികളില്‍ ദുരൂഹത തോന്നിയിരുന്നതായി ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. ഇടയ്ക്കിടെ അന്യസംസ്ഥാനങ്ങളിലേക്ക് ഇയാള്‍ യാത്ര നടത്തിയിരുന്നു.
ഇതെല്ലാം തമിഴ്നാട്ടിലെ കുടുംബത്തെ കാണാനുള്ള പോക്കായിരുന്നുവെന്ന സംശയമാണ് ഉണ്ടാക്കിയത്.
ഒളിവില്‍ പോകുന്ന സമയത്ത് സനുവിന്റെ കൈവശം ഭാര്യ രമ്യയുടേയും മകള്‍ വൈഗയുടേതുമടക്കം നാല് മൊബൈല്‍ നമ്പറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ വൈഗ ഉപയോഗിച്ചിരുന്ന നമ്പര്‍ ഓണ്‍ ആയതായാണ് സൂചന.
ഇയാളുടെ തമിഴ്നാട്ടിലുള്ള സുഹൃത്തുക്കളുടെ പക്കല്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കേസില്‍ തമഴ്നാട് പോലീസിന്റെ സഹായവും പ്രത്യേക അന്വേഷണസംഘം തേടിയിട്ടുണ്ട്.