കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക വിദ്യകളിലും നിരവധി രൂപമാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ മനുഷ്യന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലാണ് ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുന്നത്.
എവിടേയ്ക്കാണ് പോകേണ്ടതെന്ന് രേഖപ്പെടുത്തിയാല്‍ അവിടേയ്ക്ക് തനിയെ നീങ്ങുന്ന കാറുകളും ഓണ്‍ലൈനില്‍ ബുക്ക് ചെയ്താലുടന്‍ ഡ്രോണ്‍ വിമാനം വഴി സാധനങ്ങള്‍ തനിയെ വീടുകളിലെത്തിക്കുന്നതും പോലുള്ള അത്ഭുതങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതേ വിഭാഗത്തിലുള്ള മറ്റൊന്നാണ്, പോകേണ്ട വഴി പറഞ്ഞു തരുന്ന ഷോട്‌സുകള്‍. ശരീരത്തിന്റെ അഴകും അളവും പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല അവ ഉപകരിക്കുന്നത്. മറിച്ച്, അത് ധരിച്ചിരിക്കുന്ന ആള്‍ക്ക് പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്താനും സഹായിക്കും. വളവുകളും തിരിവുകളുമുണ്ടാകുമ്പോള്‍ വൈബ്രേഷനിലൂടെ നിര്‍ദേശങ്ങളും നല്‍കും. സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വാക്വം ക്ലീനറുകളും ഡിഷ് വാഷറുകളുമൊക്കെ ഉടന്‍തന്നെ വിപണിയിലെത്തും. ശബ്ദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ബള്‍ബുകള്‍ ഇതിനോടകം ഫിലിപ്‌സ് കമ്പനി രംഗത്തിറക്കിക്കഴിഞ്ഞു. അമേരിക്കന്‍ കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചും ഇത്തരത്തില്‍ ശബ്ദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
അപരിചിതരായ ആളുകളെ കണ്ടാല്‍ മുന്നറിയിപ്പു നല്‍കുന്ന ഉപകരണങ്ങള്‍, ശബ്ദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടോസ്റ്ററുകള്‍, ഫ്രിഡ്ജുകള്‍, സെന്‍ട്രല്‍ ഹീറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയെല്ലാം വിപണിയിലിറങ്ങാന്‍ റെഡിയായിരിക്കുന്ന ഉത്പ്പന്നങ്ങളാണ്.