കൊച്ചി: സ്മാർട്സിറ്റിയിലെ ഒന്നാം ഐടി മന്ദിരത്തിൽ ഒരു മാസത്തിനിടെ മൂന്നു കന്പനികൾകൂടി പ്രവർത്തനമാരംഭിച്ചു. ഗാഡ്ജിയോണ് സ്മാർട് സിസ്റ്റംസ്, അബ്സർ ടെക്നോളജീസ്, ഓബറോണ് ടെക്നോളജീസ് എന്നീ കന്പനികളാണു പുതുതായി സ്മാർട്സിറ്റിയിലെത്തിയത്. ഇതോടെ ഇവിടെ പ്രവർത്തനം തുടങ്ങിയ കന്പനികളുടെ എണ്ണം 16 ആയി.
ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, ഹെൽത്ത്കെയർ, കമ്യൂണിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്പെഷലൈസ് ചെയ്ത ആഗോള ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈൻ കന്പനിയാണു ഗാഡ്ജിയോണ് സ്മാർട് സിസ്റ്റംസ്. സ്മാർട്സിറ്റിയിൽ 5,600 ചതുരശ്രയടി സ്ഥലമാണു കന്പനി ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയിലെ 145 ജീവനക്കാരിൽ നിലവിൽ 30 പേരെയാണു സ്മാർട്സിറ്റിയിലേക്കു മാറ്റിയിട്ടുണ്ട്.
ജിസിസി രാജ്യങ്ങളിൽ ശക്തമായ ഉപഭോക്തൃ ശൃംഖലയുള്ള പ്രമുഖ ടെക്നോളജി സൊല്യൂഷൻ കന്പനിയായ അബ്സർ ടെക്നോളജി സൊല്യൂഷൻസ്, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആർപി), മൊബിലിറ്റി, ബിസിനസ് ഇന്റലിജൻസ്, ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷൻസ് തുടങ്ങിയവയിലാണു സ്പെഷലൈസ് ചെയ്തിരിക്കുന്നത്. സ്മാർട്സിറ്റിയിൽ 3,638 ചതുരശ്ര അടി സ്ഥലം കമ്പനി ഏറ്റെടുത്തു.
ലോകോത്തര ഐടി സേവനങ്ങൾ ലഭ്യമാക്കുന്ന സോഫ്റ്റ്വേർ ഡെവലപ്മെന്റ് കന്പനിയാണു സ്മാർട്സിറ്റിയിൽ ഇടംനേടിയ ഓബറോണ് ടെക്നോളജി. 2,732 ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസിൽ 32 ജീവനക്കാരുണ്ടാകും. ഏതാനും ചില പ്രമുഖ ഐടി കമ്പനികൾകൂടി വൈകാതെ സ്മാർട്സിറ്റിയിൽ പ്രവർത്തനം തുടങ്ങും.
അതോടെ ഐടി വ്യവസായങ്ങൾക്കായി നീക്കിവച്ച സ്ഥലത്തിന്റെ 78 ശതമാനവും പ്രവർത്തനക്ഷമമാകും. 6.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയാണ് ഒന്നാം ഐടി മന്ദിരത്തിലുള്ളത്. മാനേജ്മെന്റ് തലത്തിൽ സമീപകാലത്തു നടന്ന അഴിച്ചുപണിക്കുശേഷം കൊച്ചി സ്മാർട്സിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായതായി കമ്പനി അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.