കൊച്ചി: കേരളത്തിന്റെ ഐടി സ്വപ്നപദ്ധതിയായ കൊച്ചി സ്മാർട്സിറ്റിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾക്കായി കോ-ഡെവലപ്പർമാരുമായി ചേർന്ന് 2000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് സിഇഒ മനോജ് നായർ. ടൈ കേരള സംഘടിപ്പിച്ച പരിപാടിയിൽ “സ്മാർട്സിറ്റി കൊച്ചി- ഇവല്യൂഷൻ ഓഫ് ടൗണ്‍ഷിപ്പ് ടു നർച്ചർ ഓൺട്രപ്രിണറിയൽ ഇക്കോസിസ്റ്റം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോ-ഡെവലപ്പർമാരുടെ പദ്ധതികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലാണ് സ്മാർട്സിറ്റി പ്രധാനമായും ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. ഊർജ സ്വയംപര്യാപ്തതയ്ക്കായി പദ്ധതി പ്രദേശത്ത് രണ്ട് സബ് സ്റ്റേഷനുകൾ സെപ്റ്റംബറോടെ കമ്മീഷൻ ചെയ്യും.
സോളാർപ്ലാന്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ മറ്റ് ഊർജസ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിലും സ്മാർട്സിറ്റി പ്രതിബദ്ധമാണെന്നും സിഇഒ പറഞ്ഞു. പദ്ധതിപ്രദേശത്തെ ജല ആവശ്യത്തിനായി മൂന്ന് എംഎൽഡി ജലസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഐടി ടവറിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി 300 കോടി രൂപയുടെ നിക്ഷപം നടത്തിയിട്ടുണ്ട്. നിലവിൽ 32 ഏക്കറിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൗണ്‍ഷിപ്പ് ഭാഗത്ത് മറ്റൊരു 32 ഏക്കർ ഏറ്റെടുക്കുന്നതിനായി തയാറാക്കിയിട്ടിരിക്കുകയാണെന്നും സ്മാർട്സിറ്റി സിഇഒ പറഞ്ഞു.
പദ്ധതി പ്രദേശത്തേക്കുള്ള സന്പൂർണ ഗതാഗത പരിഹാരത്തിനായി കെഎംആർഎലുമായി ചർച്ച നടത്തിവരികയാണ്. റെയിൽ, റോഡ്, ജലഗതാഗതം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി രണ്ട് ഏക്കറിൽ മൊബിലിറ്റി ഹബ് വിഭാവനം ചെയ്തിട്ടുണ്ടെന്നും മനോജ് നായർ പറഞ്ഞു.