കൊച്ചി: കേന്ദ്ര നഗര വികസന പദ്ധതിയായ സ്മാർട് സിറ്റി മിഷൻ പ്രോജക്ടിൽ കൊച്ചി പിന്നിൽ. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കേ 7.80 ശതമാനം പദ്ധതിവിഹിതം മാത്രമാണ് കൊച്ചിക്കു ചെലവഴിക്കാനായത്. 45 പദ്ധതികളുള്ളതിൽ ഒന്നുപോലും വിഭാവനം ചെയ്ത നിലയിൽ പൂർത്തീകരിക്കാനായില്ല. 18 പദ്ധതികൾ അവസാനഘട്ടത്തിലാണെന്ന് അവകാശപ്പെടുന്പോൾ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ടെൻഡർ നടപടികൾ ആരംഭിച്ച 14 പദ്ധതികളിൽ കരാർ ഏറ്റെടുക്കാൻ തയാറാകാത്ത ഏഴു പദ്ധതികൾ റീ ടെൻഡറിനുള്ള ശ്രമത്തിലുമാണ്. സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന കൊച്ചി കോർപറേഷന്റെ പ്രത്യേക കൗണ്‍സിൽ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കപ്പെട്ടത്. എറണാകുളം നഗരപ്രദേശത്തെയും പശ്ചിമകൊച്ചി മേഖലയുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് 970.6 കോടിയുടെ പദ്ധതികൾക്കാണ് കേന്ദ്ര സ്മാർട് സിറ്റി മിഷൻ അംഗീകാരം നൽകിയത്.
ഇതിൽ കേന്ദ്ര, സംസ്ഥാന, കോർപറേഷൻ വിഹിതം ഉൾപ്പെടെ 401.7 കോടിരൂപ അനുവദിച്ച് കിട്ടിയെങ്കിലും 84 കോടി മാത്രമാണ് ചെലവഴിക്കാനായത്. ആദ്യഘട്ട വിഹിതത്തിലെ 317 കോടിരൂപ ചെലവഴിക്കാനുണ്ട്. ഇത്രയും പണം ചെലവഴിച്ചതായുള്ള രേഖകൾ നൽകിയാൽ മാത്രമേ രണ്ടാംഘട്ട വിഹിതമായ 568.9 കോടി രൂപ ലഭിക്കൂ. പദ്ധതി കാലാവധി അവസാനിക്കാൻ 70 ദിവസം മാത്രം ശേഷിക്കേ ആദ്യഘട്ട വിഹിതം പോലും ചെലവഴിക്കാനാകുമോയെന്ന ആശങ്കയിലാണ് കൊച്ചി കോർപറേഷൻ.
2016 ഡിസംബറിൽ കൗണ്‍സിൽ അംഗീകാരം നൽകിയ പദ്ധതിക്കായി കണ്‍സൾട്ടിംഗ് ഏജൻസിയെ കണ്ടെത്താൻതന്നെ 16 മാസമെടുത്തു. 2017 സെപ്റ്റംബറിൽ കൊച്ചി സ്മാർട് സിറ്റി മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) എന്ന കന്പനി രൂപീകരിച്ചു പദ്ധതിയുടെ നടത്തിപ്പ് കൈമാറിയെങ്കിലും 2018 ലാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടുവർഷംകൊണ്ട് 592.11 കോടിയുടെ 18 പദ്ധതികളാണ് എന്തെങ്കിലും ആയെന്നു പറയാവുന്ന ഘട്ടത്തിലെത്തിയത്.
38.56 കോടിയുടെ ഒൻപത് പദ്ധതികൾ ടെൻഡർ ഘട്ടത്തിൽ നിൽക്കുന്പോൾ 205.4 കോടിയുടെ അഞ്ചു പദ്ധതികളുടെ ടെൻഡർ പോലും ക്ഷണിക്കാനായിട്ടില്ല. 134.53 കോടിയുടെ 10 പദ്ധതികൾ മറ്റ് ഏജൻസികൾ വഴിയോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ വഴിയോ നടപ്പാക്കുന്നവയാണ്. ഇതാകട്ടെ എങ്ങുമെത്തിയിട്ടുമില്ല. വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്ന പദ്ധതിയുടെ ഭാഗമായി വേസ്റ്റ് ബിന്നുകൾ കൈമാറിയതുമാത്രമാണ് ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടാവുന്ന പദ്ധതി.
67 ലക്ഷം രൂപ ചെലവഴിച്ച് നീൽകമൽ എന്ന കരാർ കന്പനി വഴി നടപ്പാക്കുന്ന പദ്ധതി ഫെബ്രുവരി 28 ഓടെ പൂർണതോതിലാകുമെന്നു സിഎസ്എംഎൽ ടീം ലീഡർ അജയ്കുമാർ പറഞ്ഞു. ഒപ്പം അഞ്ചു പദ്ധതികളും ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യാനാകും. എറണാകുളം, പശ്ചിമകൊച്ചി മേഖലകളിലെ റോഡുകളുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു.
മൂന്നു റോഡുകളുടെ നിർമാണം പൂർത്തിയാക്കിയപ്പോൾ സ്മാർട് റോഡ് വിഭാഗത്തിലെ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഏഴു റോഡുകളിലെ കാന നവീകരണം പൂർത്തിയായിട്ടുണ്ട്. 40 ചെറു റോഡുകളുടെയും ആറ് പ്രധാന റോഡുകളുടെയും ആധുനിക നവീകരണമാണ പദ്ധതിവഴി നടപ്പാക്കുന്നത്.
കാലതാമസം സ്വാഭാവികം: സിഎസ്എംഎൽ
കൊച്ചി: കൊച്ചി സ്മാർട് സിറ്റി മിഷനിലെ പദ്ധതി നടത്തിപ്പിലെ കാലതാമസം സ്വാഭാവികമാണെന്നു കൊച്ചി സ്മാർട് സിറ്റി മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ടീം ലീഡർ അജയ്കുമാർ പറഞ്ഞു. 16 മാസം വൈകിയാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാനായത്. രണ്ടുവർഷം പ്രവർത്തനങ്ങൾക്കായി കിട്ടിയെങ്കിലും പലഘട്ടങ്ങളിലായി വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ടെൻഡർ നടപടികളെ ബാധിച്ചു.
ജനറൽ ആശുപത്രിയിലെയും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രികളിലെയും നിർമാണ പ്രവൃത്തികൾ വേഗത്തിലാണ്. മേൽക്കൂര സൗരോർജ പദ്ധതിയിൽ 24 സർക്കാർ കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. ഏപ്രിൽ മാസത്തിന് മുൻപായി റോഡുകളുടെ ടെൻഡർ പൂർത്തിയാക്കും. കരാർ ഏറ്റെടുക്കാൻ സ്ഥാപനങ്ങൾ മുന്നോട്ട് വരാത്തതിനാൽ ഏഴോളം പദ്ധതികൾ നാല് തവണയിലേറെ റീ ടെൻഡർ ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
100 കോടി മുടക്കി നടപ്പാക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണം ഉൾപ്പടെയുള്ള 205 കോടിയുടെ പദ്ധതികൾ ഈ മാസം ടെൻഡർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനം
കൊച്ചി: സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന പ്രത്യേക കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വിമർശനവുമായി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാറും കൗണ്‍സിലർമാരും. അഞ്ചു വർഷംകൊണ്ട് ഏഴ് ശതമാനം പദ്ധതികൾ പോലും പൂർത്തിയാക്കാൻ സാധിക്കാത്തവർ എങ്ങിനാണ് 70 ദിവസംകൊണ്ടു ബാക്കി പൂർത്തിയാക്കുകയെന്നു ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ചോദിച്ചു. വാങ്ങിക്കുന്ന ശന്പളത്തിന്റെ ഒരു ശതമാനം പോലും ഉദ്യോഗസ്ഥർ ആത്മാർഥത കാണിക്കുന്നില്ല. സ്മർട് സിറ്റി എംഡിയെ വിളിച്ചുവരുത്തുകയോ അങ്ങോട്ടുചെന്നു കാണുകയോ ചെയ്യണമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
പദ്ധതിയുടെ തുടക്കം മുതൽതന്നെ പാളിച്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു. എൻജിനീയറിംഗ് വിഭാഗവും ജീവനക്കാരും സ്മാർട് സിറ്റിയുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം മാർക്കറ്റ് നവീകരണം ആരൊക്കെയോ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കൗണ്‍സിലർ പി.എ. ഹാരിസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലല്ല മറിച്ചു മന്ത്രിതലത്തിൽ ചർച്ചകൾ നടത്തണമെന്നു കൗണ്‍സിലർ ജോണ്സണ് മാസ്റ്റർ പറഞ്ഞു.
വേഗത്തിലാക്കാൻ സർവകക്ഷി യോഗം ചേരും: മേയർ
കൊച്ചി: സ്മാർട് സിറ്റി പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിക്കുമെന്നു കോർപറേഷൻ മേയർ സൗമിനി ജെയിൻ പറഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും യോഗത്തിൽ ക്ഷണിക്കും.
പ്രശ്നങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്യും. സർക്കാർ തലത്തിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മോയ്തീനോട് ആവശ്യപ്പെടാനും കൗണ്‍സിലിൽ തീരുമാനമായി.
മലിനജല ശേഖരണ ശൃംഖലാ സംവിധാന പദ്ധതിയോടുള്ള പശ്ചിമകൊച്ചി മേഖലയിലെ ജനങ്ങളുടെ ആശങ്കകളും പരാതികളും ചർച്ചചെയ്തു പരിഹരിക്കുന്നതിന് പ്രത്യേക യോഗം ചേരും. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പദ്ധതി പ്രവർത്തനം പരമാവധി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമമെന്നും മേയർ അറിയിച്ചു.
ല