ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ 13,000 രൂപ വിലയുള്ള സ്മാർട് ഫോണ് കലുങ്കിനടയിൽ. ഇതു സംബന്ധിച്ചു മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരേ പരാതി.
കോവിഡ് ബാധിച്ചു 17ന് മരിച്ച സംക്രാന്തി സ്വദേശി ശ്രീകുമാരിന്റെ ബന്ധുക്കളാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിനു പരാതി നൽകിയത്. കഴിഞ്ഞ 28-നാണ് ശ്രീകുമാറിനെ കോവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.
ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ ബന്ധുക്കളുമായുള്ള സന്പർക്കം ഒഴിവാക്കിയിരുന്നു. ബന്ധുക്കളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നു.
പിന്നീട് രോഗം ഗുരുതരാവസ്ഥയിലായതോടെ മെഡിക്കൽ കോളജ് ജീവിനക്കാർ ശ്രീകുമാറിന്റെ മൊബൈൽ ഫോണ് വാങ്ങിവച്ചു. ശ്രീകുമാർ മരണപ്പെട്ടതോടെ സംസ്കാരവുമായി ബന്ധപ്പെട്ട തിരക്കിൽ ബന്ധുക്കൾ ഫോണിന്റെ കാര്യം അന്വേഷിച്ചിരുന്നില്ല.
പിന്നീട് 18-നാണ് ബന്ധുക്കൾ ഫോണിന്റെ കാര്യം തിരക്കുന്നതും ഫോണിലേക്കു വിളിക്കുന്നതും. ബെല്ലടിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെ തുടരെ വിളിക്കുകയായിരുന്നു.
പിന്നീടാണ് ഒരു കൗമാരക്കാരൻ കോൾ എടുക്കുന്നത്. കാര്യങ്ങൾ തിരക്കിയപ്പോൾ ആർപ്പൂക്കര കോലോട്ട് അന്പലത്തിനു സമീപം റോഡിനോടു ചേർന്നു കലുങ്കിനടയിൽ കിടന്നാണ് മൊബൈൽ ലഭിച്ചതാണെന്നു കൗമാരക്കാരൻ പറഞ്ഞു.
തുടർന്നു ബന്ധുക്കൾ കൗമാരക്കാരന്റെ പിതാവിനെ ബന്ധപ്പെടുകയും ഫോണ് തിരികെ ലഭിക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ ഫോണ് ജീവനക്കാരാണ് വാങ്ങിവെച്ചത്.
അതു പിന്നീട് നിരത്തിൽ കലുങ്കിനടയിൽ നിന്നു ലഭിച്ചതിന്റെ പിന്നിലെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.