പയ്യന്നൂര്‍: കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈനിലാക്കിയതോടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഡിമാൻഡ്.ആവശ്യക്കാരേറിയതോടെ പല മൊബൈല്‍ ഷോപ്പുകളിലും സ്മാര്‍ട്ട്ഫോണുകള്‍ കിട്ടാനില്ല എന്ന അവസ്ഥയായതോടെ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലും.
ഇന്റര്‍നെറ്റുകളുടെ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുമെന്ന കണ്ടെത്തലില്‍ സ്കൂളിലേക്ക് പ്രവേശനം വിലക്കിയിരുന്ന മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ താരമായി മാറിക്കഴിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കാതിരുന്ന രക്ഷിതാക്കളിപ്പോള്‍ ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനായി മക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കാനുള്ള നെട്ടോട്ടത്തിലാണ്.
അവശ്യക്കാര്‍ കൂടിയതോടെ പല മൊബൈല്‍ ഷോപ്പുകളിലും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ കിട്ടാക്കനിയുമായി മാറി. 8,000 മുതല്‍ 10,000 രൂപവരെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെയും. അതിനാല്‍തന്നെ കടകളില്‍ സ്റ്റോക്കുണ്ടായിരുന്ന ഇത്തരം ഫോണുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.