കോട്ടയം: നാഗന്പടത്തേക്കു വരു, സ്മാർട്ട് പോലീസിനെ പരിചയപ്പെടാം. ദിശ ഉല്പന്ന പ്രദർശന വിപണന മേളയിൽ ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണു പോലീസിന്റെ വിവിധ ഓണ്‍ലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്. പൊതുജനങ്ങൾക്കു കൈയിലുള്ള സ്മാർട്ട് ഫോണ്‍ ഉപയോഗിച്ചു പോലീസിന്റെ സേവനം തേടുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളാണു സ്റ്റാളിൽ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.
സ്മാർട്ട് ഫോണ്‍ കൈയിലുള്ളവർക്ക് ഇനി പരാതി പോലും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തേണ്ടതില്ല. ജില്ലാ പോലീസിന്റെ തുണ എന്ന ഓണ്‍ലൈൻ ആപ്ലിക്കേഷൻ പരാതികൾ ഓണ്‍ലൈനായി അയയ്ക്കാൻ മാത്രമായി സജ്ജീകരിച്ചിരിക്കുന്നതാണ്. തുണയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. രജിസ്റ്റർ ചെയ്യുന്നവർക്ക് യൂസർ ഐഡിയും പാസ് വേർഡും ലഭിക്കം. ഈ ഐഡിയിലൂടെ നേരിട്ട് തുണയിലേക്ക് പ്രവേശിക്കാനും പരാതികൾ അയക്കാനും സാധിക്കും.
15 സെക്കനൻഡോളം ഫോണ്‍ ഹോൾഡ് ചെയ്താൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കോൾ കണക്ടാവുന്ന സംവിധാനമാണ് ജില്ലാ പോലീസ് അവതരിപ്പിക്കുന്ന മറ്റൊരു പദ്ധതി. ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളെ ഉദ്ദേശിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ ലുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ആവശ്യക്കാർക്ക് സ്വന്തമായി ബിഎസ്എൻഎൽ ലാൻഡ് കണക്ഷൻ ഉണ്ടായിരിക്കണം. നിലവിൽ ജില്ലയിലാകെ 600 ൽപരം അംഗങ്ങൾ പദ്ധതിയിലുണ്ട്.
സൈബർ സുരക്ഷയുടെ ഭാഗമായുള്ള കിഡ്സ് ഗ്ലോ പദ്ധതിയുടെ വിശദീകരണവും സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,സൈബർ സെല്ലിന്റെ സേവനങ്ങൾ തുടങ്ങിയവ വിശദമായി അവതരിപ്പിക്കുന്നു. പത്താം ക്ലാസിൽ തോറ്റ കുട്ടികൾക്കായി ജില്ലാ പോലീസ് അവതരിപ്പിക്കുന്ന ഹോപ്പ് പദ്ധതിയുടെ സേവനവും സ്റ്റാളിൽ ലഭ്യമാണ്.
ബോംബ് കണ്ടെത്താനുള്ള ഉപകരണങ്ങളുടെ നീണ്ട നിരയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡീപ് സേർച്ച് മെറ്റൽ ഡിറ്റക്്ടർ, ഹൈ എക്സ്്പ്ലോസീവ് ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ തുടങ്ങി ബോംബ് ,മൈൻ എന്നിവ കണ്ടുപിടിക്കുന്ന ഉപകരണങ്ങൾ കാണാൻ വൻ തിരക്കാണ്.
കേരള പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങളായ പോയിന്റ് 303 റൈഫിൾസ്, 7.62 എസ്എൽആർ, ഇന്ത്യൻ നിർമിത എകെ 47 എന്നറിയപ്പെടുന്ന 5.56 എംഎം ഇൻസാസ്, ഒന്‍പത് എംഎം പിസ്റ്റൽ, പോയിന്റ് 380 റിവോൾവർ, ടിയർ ഗ്യാസ്, സ്റ്റണ്‍ ഗ്രനേഡ് , ഡൈ മാർക്കർ തുടങ്ങിയവയും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
അക്രമികൾക്ക് നേരെ പ്രയോഗിക്കുന്പോൾ ദേഹത്താകമാനം പല നിറങ്ങൾ പതിയുന്നതിനാണ് ഡൈ മാർക്കർ ഉപയോഗിക്കുന്നത്. പിന്നീടവർ ഓടി മറഞ്ഞാലും ദേഹത്ത് പറ്റിപ്പിടിച്ച നിറങ്ങൾ അക്രമികളെ പിടികൂടൻ സഹായിക്കും. അഴിമതിക്കെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി വിജിലൻസിന്റെ സ്റ്റാളും മേളയിലുണ്ട്.