പഴുവിൽ (തൃശൂർ): കേരളത്തിലെ അഞ്ചു ജില്ലകളിലെ പോസ്റ്റുമാൻമാർക്കും “പോസ്റ്റുമാൻ’ മൊബൈലുകൾ വിതരണം തുടങ്ങി. ഇനി പോസ്റ്റുമാൻമാരിൽനിന്നു തപാൽ ഉരുപ്പടികൾ വാങ്ങുന്നവർക്ക് ഡെലിവറി സ്ലിപ്പിനു പകരം മൊബൈലുകളിൽ ഒപ്പിട്ടുനല്കാം. മൊബൈൽ സ്ക്രീനിൽ ഒപ്പിട്ടാലുടൻ തപാൽ അയച്ച ആൾക്കും ബന്ധപ്പെട്ട തപാൽ ഓഫീസുകളിലും സന്ദേശമെത്തും.
മണിയോർഡറും തപാൽ പാർസലുകളുമുൾപ്പെടെയുള്ളവ സ്വീകരിക്കുന്നവർ ഇനി ബന്ധപ്പെട്ട വിതരണ ഫോമുകളിൽ ഒപ്പിടേണ്ടതില്ല. സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി ഓർഡർ, പാർസൽ സിഒഡി, ബൾക്ക് ഡെലിവറി, രജിസ്റ്റേഡുകൾ, പാർസൽ പോസ്റ്റ് എന്നിവ കൈപ്പറ്റുന്നവർക്കെല്ലാം പോസ്റ്റുമാൻ മൊബൈലുകളിൽ ഒപ്പിട്ട് ഉരുപ്പടികൾ സ്വീകരിക്കാനാവും.
തൃശൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ യുള്ള ജില്ലകളിലാണ് പോസ്റ്റുമാൻമാർക്കു പോസ്റ്റുമാൻ മൊബൈലുകൾ നൽകിയത്. ഈ മൊബൈലുകളിൽ സംസാരിക്കാനാവില്ല. അടുത്ത ഘട്ടത്തിൽ ഇതിനു സൗകര്യമുണ്ടാകുമെന്നു പറയുന്നു. മൊബൈലുകൾ വിതരണം ചെയ്തുവെങ്കിലും ഡെലിവറി സ്ലിപ്പുകളിൽ ഒപ്പിടുന്ന നിലവിലുള്ള രീതി രണ്ടാഴ്ചയോളം തുടരും. തപാൽ വകുപ്പിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാരാണ് പോസ്റ്റുമാൻമാർക്കു പുതിയ മൊബൈൽ ആപ്പ് ഉപയോഗിക്കാനുള്ള പരിശീലനം നല്കുന്നത്. മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ നേതൃത്വത്തിലാണ് തപാൽ വകുപ്പ് പോസ്റ്റുമാൻ മൊബൈലുകൾ നൽകുന്നത്.