കോഴഞ്ചേരി: റാന്നി താലൂക്കില്‍ അനുവദിച്ച ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നഷ്ടപ്പെടാന്‍ സാധ്യത. സംസ്ഥാനത്തെ ജില്ലകളില്‍ ആദ്യഘട്ടത്തില്‍ കുറഞ്ഞത് മൂന്ന് വില്ലേജ് ഓഫീസുകള്‍ സ്മാര്ട്ടാക്കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റാന്നി, അടൂര്‍, തിരുവല്ല താലൂക്കുകളുടെ കീഴിലുള്ള ഓരോ വില്ലേജ് ഓഫീസുകൾ സ്മാര്‍ട്ടാക്കാൻ തീരുമാനിച്ചത്. റാന്നി താലൂക്കിലെ അയിരൂര്‍ വില്ലേജ് ഓഫീസാണ് സ്മാര്‍ട്ടാക്കാൻ അനുമതിയായത്.
റവന്യുവകുപ്പിന്റെ തന്നെ ചെറുകോല്‍പ്പുഴയിലുള്ള 27 സെന്റ് സ്ഥലത്താണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കം മൂലം കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് അയിരൂര്‍ വില്ലേജ് ഓഫീസിന് പരിഗണന ലഭിച്ചത്. 45 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഭരണാനുമതി ലഭിച്ചുകഴിഞ്ഞാല്‍ നാല് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഭരണാനുമതി ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും നിർദിഷ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഓഫീസ് പണിയുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ സംബന്ധിച്ച തർക്കമാണ് നിർമാണം തുടങ്ങാൻ കാലതാമസം വരുത്തിയിരിക്കുന്നത്.അയിരൂര്‍ വില്ലേജ്ഓഫീസിനോടൊപ്പം ഭരണാനുമതി ലഭിച്ച അടൂരിലെയും തിരുവല്ല താലൂക്കുകളിലെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം എട്ട്, ഒന്‍പത് തീയതികളിലായി നടക്കും.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ എസ്റ്റിമേറ്റും പ്ലാനും നിര്‍മിതി കേന്ദ്രം തയാറാക്കിയെങ്കിലും നിര്‍മാണോദ്ഘാടനം തീയതി മാത്രം ക്രമീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ രീതിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥർക്ക് പ്രത്യേക കാബിനുകള്‍ പൊതുജനങ്ങള്ക്കിരിക്കാന് രണ്ടിലധികം മുറികള്‍ ഡൈനിംഗ് ഹാള്‍, ശുചി മുറികള്‍, ശുദ്ധജലം, റിക്കാര്‍ഡ് മുറികള്‍ ഉള്‍പ്പെടെ വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ക്രമീകരണം. നികുതി അടയ്ക്കുന്നതുള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാണ്.
നിർദിഷ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ചെറുകോല്‍പ്പുഴയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി പറഞ്ഞു. നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തുള്ള മൃഗാശുപത്രിയുടെ സബ് സെന്ററും ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഈ ഓഫീസ് മാറ്റാനുള്ള നീക്കം നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞിരുന്നു. ഓണത്തിനു മുമ്പായി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. നിര്‍ദിഷ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട സമുച്ചയത്തിന് സമീപം മിനി സിവില്‍ സ്റ്റേഷൻ അനുവദിക്കാനുള്ള നടപടികളും സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണെന്നും തോമസ് തമ്പി പറഞ്ഞു.