കോട്ടയം: സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കുന്ന പൊതു സ്ഥലങ്ങളില്‍ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു. സംരംഭകര്‍ക്ക് പരസ്യവരുമാനം ഈടാക്കാവുന്ന തരത്തിലാണ് പുതിയ പദ്ധതി. സര്‍ക്കാരിന്റെ പുതിയ ഐ.ടി നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. സര്‍ക്കാരിതര സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന ഹോട്ട് സ്പോട്ടുകള്‍, സുരക്ഷാ നെറ്റ് വര്‍ക്കുകള്‍, സി.സി.ടിവി ക്യാമറകള്‍, സ്ഥല കാല വിവരങ്ങള്‍, വിവര വിനിമയ ശൃംഖലകള്‍ ഇവയെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു സുരക്ഷാ വലയം തീര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയിടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. കലക്ടറേറ്റുകളില്‍ സൗജന്യ വൈഫെ സൗകര്യം ഒരുക്കുന്ന പദ്ധതിയ്ക്കൊപ്പമാണു തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം. പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ വൈഫെ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്) സ്ഥാപിക്കാനും തീരുമാനമുണ്ട്.
ഗ്രാമങ്ങളെ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ‘ സ്മാര്‍ട്ട ഗ്രാമങ്ങള്‍’ എന്ന പദ്ധതി നടപ്പാക്കും. ഐടി നയം പുതിയ ഐടി നയം നടപ്പിലാക്കാന്‍ ഐ.ടി., വാര്‍ത്താ വിനിമയം, മറ്റു പ്രധാന മേഖലകള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിജയകരമായി നടപ്പിലാക്കിയ വ്യക്തികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രുപീകരിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും.ഡിജിറ്റല്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പൊതു ജന സേവനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിനു നല്‍കും.
വ്യവസായങ്ങളെയും അത്യന്താധുനിക പ്രവണതകളെയും സംബന്ധിച്ച അറിവും പരിജ്ഞാനവുംവൈദഗ്ധ്യവും
സര്‍ക്കാരുമായി പങ്കുവയ്ക്കുന്ന സാങ്കേതിക സംവിധാനമായി സമിതി പ്രവര്‍ത്തിക്കും.സര്‍ക്കാര്‍ സേവന പദ്ധതികളുടെയും സംവിധാനങ്ങളുടെയും കാലോചിതമായ നടപ്പിലാക്കല്‍, പരിഷ്‌ക്കരണം, കാര്യക്ഷമത ഉറപ്പാക്കല്‍, സമയ ബന്ധിതവും സുതാര്യവുമായ പ്രവര്‍ത്തനം എന്നിവ സമിതി നിരീക്ഷിക്കും. എല്ലായിടത്തും ഇന്റര്‍നെറ്റ് വ്യാപിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.