വൈപ്പിൻ: ഞാറക്കൽ അതുല്യ ജ്വല്ലറിയിൽ പട്ടാപ്പകൽ എത്തി സെയിൽസ് ഗേൾ നോക്കിനിൽക്കേ രണ്ടു പവന്റെ സ്വർണമാല കഴുത്തിലണിഞ്ഞു കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു.
ആലപ്പുഴ എഴുപുന്നക്കാരനായ ജെയ്മോൻ എന്ന യുവാവാണ് മോഷ്ടാവെന്നു പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.
ഇയാൾ മോഷണം കഴിഞ്ഞു രക്ഷപ്പെട്ട നീല സ്കൂട്ടർ എറണാകുളത്തുനിന്നു മോഷ്ടിച്ചെടുത്തതാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിൽ തങ്ങാതെ ചെറുമോഷണങ്ങളുമായി നാട് ചുറ്റിക്കറങ്ങുന്ന ഇയാൾ ഞാറക്കൽ ഒരു ബന്ധുവിന്റെ വീട്ടിൽ വന്ന ദിവസമാണത്രേ മോഷണം നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു മോഷണം. ജ്വല്ലറിയിൽ എത്തിയ പ്രതി രണ്ടു പവന്റെ സ്വർണമാല ആവശ്യപ്പെട്ടു.
സെയിൽസ് ഗേൾ മാല എടുത്തു കാണിച്ചശേഷം തൂക്കം നോക്കി വില കണക്കുകൂട്ടുന്നതിനിടെ മോഷ്ടാവ് മാല വാങ്ങി കഴുത്തിലണിഞ്ഞു യാതൊരു കൂസലുമില്ലാതെ കടയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു.
കടയിൽ ഈ സമയം സെയിൽസ് ഗേൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവർ ബഹളം കൂട്ടി പുറത്തുവന്നപ്പോഴേക്കും കള്ളൻ സ്കൂട്ടറിൽ സ്ഥലം വിട്ടിരുന്നു. ഞാറക്കൽ എസ്ഐ സംഗീത് ജോബാണ് കേസന്വേഷിക്കുന്നത്.