നാളുകളായി പറയുന്ന കാര്യമാണ്. ഇടയ്ക്കിടെ പോക്കറ്റിൽനിന്നു ഫോണ് എടുത്തു നോക്കുന്നു.., വെറുതെ സ്വൈപ്പ് ചെയ്യുന്നു.., മെസേജോ അലെർട്ടോ മിസ്ഡ് കോളോ ഉണ്ടോയെന്നു നോക്കുന്നു… പോക്കറ്റിലിടുന്നു.., വീണ്ടുമെടുക്കുന്നു… ഒരു കാര്യവുമില്ലെങ്കിലും വെറുതെയെടുത്ത് കൈയിൽവയ്ക്കുന്നു. സംഭവം വേറൊന്നുമല്ല, അഡിക്്ഷനാണ്. ഫോണിന് അടിമയാകുന്നതുതന്നെ.
ഫോണ് കൈയിൽ കൊണ്ടുനടക്കുന്നിടത്തോളം കാലം ഈ അടിമത്തത്തിൽനിന്ന് രക്ഷപ്പെടുക അസാധ്യമാണ്. ഉപയോഗം കുറച്ചുകൊണ്ട് സ്വാധീനം കുറയ്ക്കാനേ കഴിയൂ. കൈയകലത്തിൽനിന്ന് ഫോണ് മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. പുകവലി ഉപേക്ഷിക്കുന്നതുപോലെ ശ്രമകരമാണ് സ്മാർട്ട്ഫോണ് അടിമത്തം ഒഴിവാക്കുന്നതും. വിമുക്തി ചികത്സയുടെ ഭാഗമായി സിഗരറ്റ് കിട്ടാതെ വെപ്രാളപ്പെടുന്നവർക്ക് നിക്കോട്ടിൻ അടങ്ങാത്ത പുകവലിക്കാൻ അവസരം നൽകാറുണ്ട്. ഉപയോഗം കുറച്ചുകൊണ്ട് ലഹരിയുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്താനാണിത്. ഇതേ മാതൃകയിൽ സ്മാർട്ട്ഫോണിന്റെ പിടിയിൽനിന്ന് പുറത്തുവരാൻ വഴിയുണ്ടാക്കുകയാണ് ഓസ്ട്രിയൻ ഡിസൈനറായ ക്ലമൻസ് ഷിലിനെർ. ഫോണിന്റെ രൂപവും വലിപ്പവുമുള്ള ഉപകരണമാണ് ക്ലമൻസ് മുന്നോട്ടുവയ്ക്കുന്നത്. പോക്കറ്റിൽ കൊണ്ടുനടക്കാം. ബാറ്ററി വേണ്ട, റേഡിയേഷനുമില്ല. കോളോ മെസേജോ വരില്ലെന്നു പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
എന്നാൽ വെറുതേ ഫോണെടുത്തു നോക്കാൻ തോന്നുന്പോഴൊക്കെ ഈ പെട്ടി പോക്കറ്റിൽനിന്നെടുത്ത് കവർ തുറന്ന് സ്ക്രോൾ ചെയ്യുകയോ സ്വൈപ്പ് ചെയ്യുകയോ ആവാം. ടച്ച് സ്ക്രീനിലല്ല ഇതു ചെയ്യുന്നതെന്നുമാത്രം. പകരം വിരലോടിക്കാൻ പാകത്തിന് സ്റ്റോണ് ബീഡുകൾ ഉറപ്പിച്ചിട്ടുണ്ട്. കൃത്യമായും സ്ക്രോൾ ചെയ്യുന്ന അനുഭവം കിട്ടും. ഫോണ് എടുത്തു നോക്കിയതുപോലെ തോന്നും. പുകവലിക്കാനു വലിക്കാൻ നിക്കോട്ടിനില്ലാത്ത സിഗരറ്റ് കൊടുക്കുന്നതുപോലെ ഗുണകരമായ ചികിത്സയാണ് ഇതും.
വിയന്നയിൽ നടന്ന ഡിസൈൻ വീക്കിലാണ് ക്ലമൻസ് ഈ ഉപകരണം ആദ്യമായി അവതരിപ്പിച്ചത്. ഉടനെ വില്പനയ്ക്കെത്തുമെന്നാണ് വെബ്സൈറ്റിൽനിന്നുള്ള വിവരം.
ഇനി ഈ ഉപകരണത്തിന് അടിമയാകാതെ ശ്രദ്ധിക്കേണ്ടിവരും.
-ഹരിപ്രസാദ്